തൊടുപുഴ: ഒൻപതുകാരിയായ മകളെ ശാരീരികമായി ദുരുപയോഗം ചെയ്ത 31 കാരനായ പിതാവിന് ജീവിതാവസാനം വരെ മൂന്നു ജീവപര്യന്തം കഠിനതടവും 5,70,000 രൂപ പിഴയും.ഇതിനു പുറമേ പോക്സോ നിയമത്തിലെയും ഐപിസി വിവിധ വകുപ്പുകൾ പ്രകാരവും 36 വർഷം കഠിനതടവും കോടതി വിധിച്ചു. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ആണ് ശിക്ഷ വിധിച്ചത്.
2021 -2022 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് ഉപേക്ഷിച്ച് പോയതിനെത്തുടർന്ന് പ്രതിയുടെ മാതാപിതാക്കളോടൊപ്പം ആയിരുന്നു അതിജീവിത താമസിച്ചിരുന്നത്. തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന പ്രതി കുട്ടിയെ ഇയാൾ താമസിക്കുന്ന ലയത്തിലേക്ക് വിളിച്ചുകൊണ്ടുപോയി പല തവണ ബലാത്സംഗം ചെയ്തതായാണ് കേസ്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതിയുടെ മാതാവിനോട് വിവരം പറഞ്ഞ കുട്ടിയെ ഇയാൾ സ്പൂണ് ചൂടാക്കി ഇടതുകൈ പൊള്ളിച്ചു. കുട്ടി പിന്നീട് വിവരം സ്കൂളിലെ സഹപാഠിയോടും അധ്യാപകരോടും പറഞ്ഞു. തുടർന്നു സ്കൂളിൽനിന്നും ശിശുസംരക്ഷണ സമിതിയെ അറിയിക്കുകയും ഇവർ പോലീസിനു വിവരം കൈമാറുകയും ചെയ്തു. തുടർന്നു മറയൂർ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
മറയൂർ സിഐ ആയിരുന്ന പി.ടി. ബിജോയ് ആണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പിഴ സംഖ്യ പ്രതി അടയ്ക്കുകയാണെങ്കിൽ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് കുട്ടിക്ക് നഷ്ടപരിഹാരം നൽകാനും കോടതി നിർദേശം നൽകി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ. ദാസ് ഹാജരായി.