കാക്കനാട്: ആഡംബര കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ച കേസിൽ എഐടിയുസി ദേശീയ കൗണ്‍സിൽ അംഗവും പുതുതലമുറ ബാങ്കുകളിലെ എഐടിയുസി യൂണിയനുകളുടെ നേതാവായ സി.എസ്. വിനോദിനെ പിടികൂടാതെ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം.
കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെന്പുമുക്കിൽ ബേക്കറി നടത്തുന്ന യുവതിയെ ശനിയാഴ്ച രാത്രി എട്ടു മണിയോടെ കാറിൽ ബലമായി പിടിച്ചു കയറ്റി ചെന്പുമുക്കു പള്ളിയുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.
തൃക്കാക്കര പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഉന്നത ഇടപെടൽ മൂലം കേസ് അന്വേഷണത്തിൽനിന്നും പോലീസ് ഒളിച്ചുകളിക്കുകയാണ്.
കേസിന്റെ ആദ്യഘട്ടത്തിൽ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂർ ഭാഗത്ത് ഉണ്ടെന്നു കണ്ടെത്തിയിരുന്നെങ്കിലും പോലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല.
വിനോദിനെതിരേ കണ്ണൂരിലും കേസുള്ളതായാണ് പോലീസിൽനിന്നും ലഭിക്കുന്ന വിവരം. ഇതിനിടെ മജിസ്ട്രേറ്റ് മുന്‍പാകെ യുവതിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും.