അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നാലു പെൺകുട്ടികളെ വയോധികൻ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സിപിഎമ്മിന്റെ നിലപാടിനെതിരേ പ്രതിഷേധവുമായി എഐവൈഎഫ് രംഗത്ത്. കഴിഞ്ഞ ഒന്നിനാണ് തോട്ടപ്പള്ളി കാരാത്രയിൽ ധർമദാസ്(82) നാലു പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം പുറത്തറിയുന്നത്.
അഞ്ചുമുതൽ 10 വയസുവരെയുള്ള കുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടർന്നു പെൺകുട്ടികളുടെ മാതാപിതാക്കൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടിച്ചു കൊണ്ടുവരുവാനായിരുന്നു പരാതി നൽകിയവരോടു പോലീസ് പറഞ്ഞതത്രേ. പരാതി നൽകിയതിനു തൊട്ടുപിന്നാലെ പ്രതി ഒളിവിൽ പോകുകയും ചെയ്തു. സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കളുടെ സംരക്ഷണയിലായിരുന്നു പ്രതിയെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ സമ്മർദത്തെ തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടാൻ താമസിച്ചത്. ഒടുവിൽ കഴിഞ്ഞദിവസം പ്രതിയെ പിടികൂടി റിമാൻഡു ചെയ്തിരുന്നു. പെൺകുട്ടികളെ സ്റ്റേഷനിലെത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് പ്രതിയെ റിമാൻഡു ചെയ്തത്.
പ്രതിയെ പിടികൂടിയെങ്കിലും പ്രതിയെ സംരക്ഷിച്ചവരെ പിടികൂടാൻ പോലീസ് തയാറായിട്ടില്ലെന്ന് എഐവൈഎഫ് മണ്ഡലം വൈസ്പ്രസിഡന്റ് സുകന്ത് കുറ്റപ്പെടുത്തി. പ്രതിയെ സംരക്ഷിച്ച വ്യക്തികൾക്കെതിരേയും നടപടി എടുക്കണമെന്നും പോലീസ് ഇതിനു തയാറായില്ലെങ്കിൽ എഐവൈഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.