തിരുവല്ല: പാര്‍ട്ടി പ്രവര്‍ത്തകയായിരുന്ന വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഉടന്‍ അറസ്റ്റിലായേക്കും. ഇവരുടെ അറസ്റ്റ് വൈകുന്നതു സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടേണ്ടതില്ലെന്ന് സിപിഎം നേതാക്കളുടെ നിര്‍ദേശം വന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാക്കളും പ്രതികളായ കേസില്‍ പതിനൊന്നാം പ്രതി സജി എലിമണ്ണില്‍ ഇന്നലെ അറസ്റ്റിലായി.വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
വീട്ടമ്മയുടെ പരാതിയില്‍ കഴിഞ്ഞ ശനിയാഴ്ച സംഭവത്തില്‍ കേസെടുക്കുകയും തുടര്‍ന്ന് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിക്കാനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.
ഒന്നാം പ്രതി സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോനും രണ്ടാം പ്രതി ഡിവൈഎഫ്ഐ നേതാവ് നാസറും ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലെന്നാണ് പോലീസ് വിശദീകരണം.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 12 പേരും സിപിഎം പ്രവര്‍ത്തകരാണ്. ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ മാത്രമാണ് പീഡനക്കേസ്. മറ്റുള്ളവര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് പ്രതിയായിരിക്കുന്നത്.