പരിയാരം: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രജീവനക്കാരനായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്സോ വകുപ്പുപ്രകാരം കേസ്.
ചെറുതാഴം ഹനുമാരമ്പലം ക്ഷേത്ര ജീവനക്കാരനും മുന്‍ സിപിഎം കല്ലംവള്ളി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മധുസൂദനനെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.
ഹനുമാരമ്പലം സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ ആഴ്ചകള്‍ക്കുമുമ്പേ പുകയാന്‍ തുടങ്ങിയ പ്രശ്നത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഇയാളെ പാര്‍ട്ടി മാറ്റിനിര്‍ത്തിയത്.
എന്നാല്‍ മാറ്റിനിര്‍ത്തുന്നതിന് കാരണമായി പറഞ്ഞത് രാമായണ മാസാചരണത്തിന്റെ തിരക്കുകളുള്ളതിനാലാണെന്നായിരുന്നു.
ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതോടെ ഇയാളുടെ സ്വഭാവ ദൂഷ്യത്തെപ്പറ്റിയുള്ള വേറെയും പരാതികള്‍ നാട്ടില്‍ പരന്നിരുന്നു.
അതിനിടയിലാണ് ഇയാള്‍ ബ്രാഞ്ച് സെക്രട്ടറിയായിരിക്കേ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിക്കുനേരെയുണ്ടായ അതിക്രമ വിഷയം വീണ്ടുമുയര്‍ന്നത്.
ഇതേതുടര്‍ന്ന് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ തയാറല്ലാത്ത ചില സിപിഎം പ്രവര്‍ത്തകര്‍തന്നെ പ്രശ്നം ചൈല്‍ഡ്ലൈനില്‍ അറിയിക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്.
അതേസമയം കുട്ടിയുടെ അമ്മയറിഞ്ഞ വിവരം സ്കൂള്‍ കൗണ്‍സിലറെ അറിയിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്.
ഇന്നലെ രാത്രിയില്‍ത്തന്നെ പോലീസ് കുട്ടിയില്‍നിന്നും മൊഴിയെടുത്തിരുന്നു. രണ്ടുപ്രാവശ്യം പീഡനശ്രമമുണ്ടായെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.