പാനൂർ(കണ്ണൂർ): ചെറുവാഞ്ചേരിയിൽ പൂജ ചെയ്യാനെത്തിയ സിപിഎം നേതാവ് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കണ്ണവം കേസെടുത്തു.സിപിഎം ചെറുവാഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും എകെജി സാംസ്കാരിക നിലയം പ്രസിഡന്റുമായ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ മഹേഷ് പണിക്കർക്കെതിരേയാണ് (42) കണ്ണവം പോലീസ് കേസെടുത്തത്.
ഇന്നലെ രാത്രി 10 ഓടെ ചെറുവാഞ്ചേരിക്ക് സമീപമുള്ള ഒരു കോളനിയിലെ ഒരു പൂജാ ചടങ്ങിനെത്തിയതായിരുന്നു ഇയാൾ. പീഡനശ്രമം വീട്ടുകാരെ പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് കോളനി നിവാസികളും നാട്ടുകാരും ഇയാളെ നന്നായി പെരുമാറിയ ശേഷം പോലീസിന് കൈമാറുകയായിരുന്നു.
പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. നാട്ടുകാർ കൈകാര്യം ചെയ്തതിനാൽ ചികിത്സയ്ക്കായി ഇയാളെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂജാരി കൂടിയാണ് ഇയാൾ.
ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. രാത്രി 12 ഓടെ പിതാവിനോടൊപ്പം സ്റ്റേഷനിലെത്തിയാണ് പെൺകുട്ടി പരാതി നൽകിയത്.