പാലക്കാട്: പീഡനക്കേസിൽ സിപിഎം പ്രാദേശിക നേതാവിന്റെ അറസ്റ്റിനു പിന്നാലെ വിവാദങ്ങൾ തുടരുന്നു. പീഡനക്കേസിൽ അറസ്റ്റിലായ പ്രതിക്കുവേണ്ടി സിപിഎം വനിതാ നേതാവ് പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നത് പാർട്ടിക്ക് മറ്റൊരു നാണക്കേടായി.
സിപിഎം അനുഭാവിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കോട്ടാപ്പാടം മേഖല ജോയിന്റ് സെക്രട്ടറിയുമായ മണ്ണാർക്കാട് കോട്ടോപ്പാടം കൊടക്കാട് മാട്ടായിൽ വിജേഷ് (28) കഴിഞ്ഞദിവസം അറസ്റ്റിലായത്.
കോട്ടോപ്പാടം സ്വദേശിനിയായ വീട്ടമ്മയെ ഒന്നര വർഷം മുന്പ് ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പിന്നീട് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് വീട്ടമ്മ പോലീസിൽ പരാതി നല്കിയത്. ദൃശ്യങ്ങൾ വീട്ടമ്മയുടെ മകന് ഇയാൾ അയച്ചുകൊടുക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് വിജേഷിനെ നാട്ടുകൽ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വനിതാനേതാവ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് നടത്തുകയായിരുന്നു.
എന്നാൽ പോലീസ് ഇവരുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ ഇവർ സ്ഥലംവിട്ടു. സംഭവം പാർട്ടിക്ക് നാണക്കേടായതോടെ മണ്ണാർക്കാട് ഏരിയാ കമ്മിറ്റി വിഷയം ചർച്ച ചെയ്യുകയും വനിതാ നേതാവിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.
പി.കെ ശശിക്കെതിരെ പരാതി ഉയർന്ന അതേ ഏരിയാ കമ്മിറ്റിക്കു കീഴിലാണ് പുതിയ സംഭവങ്ങളും അരങ്ങറിയതെന്നത് പാർട്ടിക്ക് കൂടുതൽ നാണക്കേടായി. പി.കെ ശശിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്ന വിഭാഗത്തിൽപ്പെട്ടതാണ് വനിതാ നേതാവ്. ഈ വിഭാഗത്തിനാണ് ഏരിയാ കമ്മിറ്റിയിൽ ഭൂരിപക്ഷമെങ്കിലും വനിതാ നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ഭൂരിഭാഗംപേരും ആവശ്യപ്പെട്ടത് പുതിയ സൂചനകളിലേക്കാണ് വിരൽചൂണ്ടുന്നത്.