സ്വന്തം ലേഖകൻ
പാലക്കാട്: സിപിഎം ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽ പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടന്ന പരാതിയും വിവാദവും ആളിക്കത്തുന്നതിനിടെ കേന്ദ്രനേതൃത്വം സംഭവം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിൽ നിന്ന് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പ് കൈയെത്തുംദൂരത്ത് നിൽക്കുന്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ ചെർപ്പുളശേരി സംഭവം ഉണ്ടായതിന്റെ കാര്യ കാരണങ്ങളാണ് കേന്ദ്ര നേതൃത്വം ചോദിച്ചിരിക്കുന്നത്.തുടർച്ചായി പാലക്കാട് ജില്ലയിൽ സിപിഎം പീഡനക്കേസിൽ പ്രതിക്കൂട്ടിലാകുന്നതിനെക്കുറിച്ചും നേതൃത്വം ആരാഞ്ഞിട്ടുണ്ട്.
സംസ്ഥാന നേതൃത്വം ജില്ല ഘടകത്തിന്റെയും ഏരിയ കമ്മിറ്റിയുടേയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് നൽകും.സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് പ്രാദേശികജില്ലസംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന് നൽകുന്ന റിപ്പോർട്ടിലും ഇതുതന്നെയാണ് പരാമർശിക്കുക.
പെണ്കുട്ടി നേരത്തെ എസ്എഫ്ഐയുടെ പ്രവർത്തകയായിരുന്നുവെന്ന് പാർട്ടി സമ്മതിച്ചിട്ടുണ്ട്.അതിനിടെ പീഡനത്തിനിരയായെന്ന് പറയുന്ന പെണ്കുട്ടിയുടെ രഹസ്യമൊഴി 164 പ്രകാരം മജിസ്ട്രേറ്റ് ഉടൻ രേഖപ്പെടുത്തും. അതിനു ശേഷമായിരിക്കും അന്വേഷണം ഏതു രീതിയിൽ മുന്നോട്ടുപോകണമെന്ന പോലീസ് തീരുമാനിക്കുക.
സംഭവത്തിൽ പെൺകുട്ടിയ്ക്കുനേരെയും പരാതിക്കാരനായ യുവാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. യുവാവ് പോലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. പെൺകുട്ടിയ്ക്കുനേരെയും ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. നവജാത ശിശുവിനെ ഉപേക്ഷിച്ചെന്ന കേസിലാണിത്. രാവിലെ എട്ടു മുതൽ രാത്രി പതിനൊന്ന് വരെ നിരവധിയാളുകൾ വന്നുപോകുന്ന പാർട്ടി ഓഫീസിൽ ഇത്തരമൊരു പീഡനം നടക്കാൻ സാധ്യതയില്ലെന്നാണ് ഏരിയ സെക്രട്ടറിയുടെ വാദം.
എങ്ങിനെ പാർട്ടി ഓഫീസിന്റെ പേര് പറഞ്ഞു…. തലപുകഞ്ഞാലോചിച്ച് സഖാക്കൾ
പാലക്കാട്: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം പാലക്കാട് ജില്ലയിൽ സിപിഎമ്മിന് മറ്റൊരു പീഡനക്കേസ് സമ്മാനിക്കുമെന്ന് നേതൃത്വങ്ങൾ ഒരിക്കൽ പോലും കരുതിയതല്ല. പി.ശശി വിവാദത്തിൽ നിന്ന് പതിയെ തലയൂരി വരുന്നതിനിടെയാണ് ചെർപ്പുളശേരി പീഡനവിവാദത്തിൽ പെടുന്നത്. നവജാത ശിശുവിന്റെ അമ്മയായ യുവതിയെ കണ്ടെത്തി അവർ പീഡിപ്പിക്കപ്പെട്ടന്നും പീഡിപ്പിക്കപ്പെട്ടത് പാർട്ടി ഓഫീസിൽ വെച്ചാണെന്നും വെളിപ്പെടുത്തിയതോടെയാണ് സംഭവത്തിന് തീർത്തും അപ്രതീക്ഷിതമായി രാഷ്ട്രീയമാനം കൈവന്നത്.
പ്രാദേശിക ജില്ലസംസ്ഥാന നേതൃത്വങ്ങൾക്ക് ഇത് കേട്ടപ്പോൾ ആദ്യം വല്ലാത്ത ഷോക്കായിരുന്നു അനുഭവപ്പെട്ടത്. പീഡനത്തേക്കാൾ പീഡനം നടന്ന സ്ഥലം ഹൈലൈറ്റ് ചെയ്യപ്പെട്ടതോടെ സിപിഎം പാലക്കാട് ജില്ല നേതൃത്വം കടുത്ത പ്രതിരോധത്തിലായി.
തെരഞ്ഞെടുപ്പ് പ്രചരണവുമായി ജനങ്ങൾക്കു മുന്നിലേക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയായി പാലക്കാട്. അതുകൊണ്ടുതന്നെ അടിയന്തിരമായി പത്രസമ്മേളനം വിളിച്ച് ഇത് തെരഞ്ഞെടുപ്പു കാലത്ത് പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വേണ്ടി സൃഷ്ടിച്ച കഥയാണെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് പാർട്ടി ഓഫീസിനെ കേന്ദ്രീകരിച്ച് ഉന്നയിച്ചിരിക്കുന്നതെന്നും പ്രാദേശിക നേതാക്കൾ മാധ്യമങ്ങൾ വഴി പ്രതികരിച്ചു.
എന്തുകൊണ്ട്, എങ്ങിനെ യുവതി പാർട്ടി ഓഫീസിന്റെ പേരു പറഞ്ഞുവെന്ന അന്വേഷണത്തിലാണ് പ്രാദേശിക നേതൃത്വവും നേതാക്കളും പ്രവർത്തകരും. ആരെങ്കിലും നിർബന്ധിച്ച് പറയിപ്പിച്ചതാകാമെന്നും പാർട്ടി കരുതുന്നു. എന്നാൽ ആരോപണം വന്ന സ്ഥിതിക്ക് പോലീസ് കേസെടുത്ത് അന്വേഷണം ഉറപ്പായതിനാൽ അതിനെ നിയമപരമായും സംഘടനാപരമായും നേരിടാൻ തന്നെയാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ അവസാന നിമിഷം വരെയും പെണ്കുട്ടി ശ്രമിച്ചിരുന്നില്ലെന്ന സൂചനയും ഉയർന്നിട്ടുണ്ട്. പോലീസ് നവജാത ശിശുവിന്റെ അമ്മയെ തേടിപോയി കണ്ടെത്തിക്കഴിഞ്ഞു നടത്തിയ ചോദ്യംചെയ്യലിലാണ് പീഡനക്കഥയും പീഡന ഇടവും യുവതി വെളിപ്പെടുത്തിയത്. പെണ്കുട്ടി എസ്എഫ് ഐക്കാരിയായിരുന്നുവെന്ന് പാർട്ടി പ്രാദേശിക നേതൃത്വം സമ്മതിച്ചിട്ടുള്ളതിനാൽ ഇത് പ്രതിപക്ഷം ഉന്നയിക്കുന്ന വെറും കെട്ടുകഥയാണെന്ന് പറയാനും പാർട്ടിക്ക് പറ്റാതെ വന്നിരിക്കുകയാണ്.
പോലീസിൽ പരാതി വന്ന ശേഷമാണ് പാർട്ടി നേതൃത്വം പോലും സംഭവമറിയുന്നത്. പീഡനം ആരോപിക്കപ്പെടുന്ന ചെർപ്പുളശേരി സ്വദേശിയായി യുവാവിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും, ഇയാൾ ബിജെപി അനുഭാവിയുമായുമാണെന്ന നിലപാടാണ് പാർട്ടി പ്രാദേശിക നേതൃത്വം പറയുന്നത്.
ഇന്നലെ സിപിഎം ചെർപ്പുളശേരി പാർട്ടി ഓഫീസിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും നടന്നിരുന്നു. പ്രതിയെ അറസ്റ്റു ചെയ്യണമെന്നും പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്.
പീഡനമല്ലേ പ്രധാനം…പീഡനസ്ഥലമാണോ….
ചെർപ്പുളശേരിയിൽ യുവതി പീഡിപ്പിക്കപ്പെട്ടു എന്നതിനേക്കാൾ ചർച്ചയും വിവാദവുമായത് പീഡനം നടന്ന സ്ഥലമാണ്. പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന വസ്തുതയാണ് പ്രധാനമെന്നും എവിടെ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്നതല്ല പ്രധാനമെന്നും നിയമവിദഗ്ധർ പറയുന്നു. എന്നാൽ പീഡനസ്ഥലം പാർട്ടി ഓഫീസായതാണ് പീഡനത്തേക്കാൾ പ്രാധാന്യം ഇടത്തിന് കിട്ടാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമപരമായി പീഡിപ്പിക്കപ്പെട്ട കുട്ടിക്കൊപ്പം അഥവാ ഇരയ്ക്കൊപ്പം നിൽക്കുകയെന്നതാണ് ചെയ്യേണ്ടതെന്നും അഭിഭാഷകർ പറയുന്നു.’
പ്രായപൂർത്തിയായ പെണ്കുട്ടി ഗർഭിണിയായതും പ്രസവിച്ചതും കുഞ്ഞിനെ ഉപേക്ഷിച്ചതുമെല്ലാം അതീവ രഹസ്യമായി ചെയ്തുവെന്ന് പറയുന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തൊക്കെതന്നെ ആയാലും ചെർപ്പുളശേരിയിൽ നിന്നേറ്റ ചേറു കഴുകിക്കളയാൻ സിപിഎം ജില്ല നേതൃത്വം പാടുപെടും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഇത്തരം ആരോപണങ്ങൾ സ്വാഭാവികമാണെന്ന രീതിയിലാണ് പാർട്ടി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്.
പീഡിപ്പിച്ചെന്ന് പറയപ്പെടുന്ന യുവാവ് പാർട്ടി ഓഫീസിൽ വന്നിട്ടില്ലെന്നും യുവതിയുടെ വീട്ടിൽ പോയിട്ടുണ്ടെന്നും മൊഴി നൽകിയതായി പറയുന്നത് പാർട്ടിക്ക് തൽക്കാലം തലയൂരാൻ സഹായിക്കും. പീഡനം നടന്നിട്ടുണ്ടെങ്കിൽ അത് പെണ്കുട്ടി പറയുന്ന പോലെ പാർട്ടി ഓഫീസിൽ വച്ചല്ല എന്ന് സ്ഥാപിച്ചെടുക്കാൻ യുവാവിന്റെ മൊഴി പാർട്ടിയെ സഹായിക്കും. പാർട്ടിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണം പോലീസിൽ ഉന്നയിച്ചപ്പോൾ അതിന്മേൽ നടപടിയുമായി മുന്നോട്ടുപോയ പോലീസും ഇനിയെന്തുവേണമെന്ന ആശയക്കുഴപ്പത്തിലാണെന്നാണ് സൂചന.