ലക്നോ: പീഡനത്തിനിരയായ പെൺകുട്ടിയെ അമ്മയും സഹോദരന്മാരും വെടിവച്ചു കൊന്നു. ഉത്തരപ്രദേശിലെ സംഭാലിലാണ് നാടിനെ നടുക്കിയ അരങ്ങേറിയത്. 17കാരിയാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന് അപമാനമുണ്ടാകുമെന്ന് കരുതിയാണ് ഇവർ കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
സെപ്റ്റംബർ 18ന് സഹോദരനൊപ്പം മോട്ടോർ സൈക്കിളിൽ പോകുമ്പോൾ പെൺകുട്ടി വെടിയേറ്റാണ് കൊല്ലപ്പെട്ടത്. റിങ്കു(20) എന്ന യുവാവാണ് കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ഫെബ്രുവരിയിൽ അറസ്റ്റിലായ ഇയാൾ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങി.
സംഭവത്തിന് പിന്നാലെ റിങ്കുവും സുഹൃത്തും ചേർന്നാണ് കൃത്യം നടത്തിയതെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണമുയർത്തി. ഇതേതുടർന്ന് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് സത്യം പുറത്തുവന്നത്.
കുടുംബത്തിന് അപമാനമുണ്ടാകുമെന്ന് കരുതിയാണ് കുട്ടിയെ കൊന്നതെന്ന് അമ്മയും ബന്ധുക്കളും പോലീസിനോടു പറഞ്ഞു. പെൺകുട്ടി, സഹോദരൻ നീരജിനും അമ്മ ബ്രിജ്വതിക്കുമൊപ്പം മോട്ടോർ സൈക്കിളിൽ വരവെ, മറ്റൊരു സഹോദരനായ വിനീതും മാതൃസഹോദരൻ മഹാവീറും ചേർന്നാണ് കൃത്യം നടത്തിയത്.
നീരജ്, വിനീത്, ബ്രിജ്വതി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാവീർ ഇപ്പോൾ ഒളിവിലാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച നാടൻ പിസ്റ്റളും വെടിയുണ്ടകളും മോട്ടോർ സൈക്കിളും ഇവരിൽ നിന്ന് കണ്ടെടുത്തതായി എസ്പി പറഞ്ഞു.
04812578278