ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയറിൽ 20 വയസുള്ള യുവാവ് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 15 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി.
ബുധനാഴ്ചയാണ് 20 വയസുള്ള മേക്കപ്പ് ആർട്ടിസ്റ്റായ യുവാവിനെ ഗ്വാളിയറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ 15 വയസുള്ള കുട്ടി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത ശേഷം വിലയേറിയ ഇല്കട്രോണിക് ഉപകരണങ്ങളും സൈക്കിളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ആരോപിക്കുന്നു.
താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും അഞ്ച് വയസിന് ഇളപ്പമുള്ള വ്യക്തി തന്നെ ഉപദ്രവിച്ചുവെന്ന് പറഞ്ഞാൽ ലോകം വിശ്വസിക്കില്ലെന്നും യുവാവ് കുറിച്ചു.
കുട്ടിയോട് താൻ പ്രതികാരം ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് നാല് പേജുള്ള കത്ത് അവസാനിപ്പിക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്ന് വ്യക്തമായി. തുടർന്ന് ഹാസിര മേഖലയിലെ ഫാക്ടറിയിൽ നിന്ന് കൈകാലുകൾ ബന്ധിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തലയ്ക്കടിയേറ്റാണ് കുട്ടിയുടെ മരണമെന്നും മൃതദേഹത്തിന് സമീപം റോസ് ഇതളുകൾ വിതറിയ നിലയിൽ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
യുവാവിന്റെ ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഇരുവരുടെയും വാട്സാപ്പ് ചാറ്റുകളും മെസജുകളും പരിശോധിച്ച് കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു.