തലശേരി: മാനസിക പീഡനത്തെ തുടർന്ന് ഭർതൃമതിയായ യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. പാറാൽ ബൈത്തുൽദയാലിൽ അബൂബക്കർ സിദ്ധിഖ് (57), മകൻ മുഹമ്മദ് സഹീർ (28) എന്നിവരെയാണ് തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
നെട്ടൂർ ചിറമ്മൽ കുന്നുമ്മൽക്കണ്ടി വീട്ടിൽ അഷ്റഫ്- നാസിയ ദന്പതികളുടെ മകൾ ഫിദ (23) യാണ് കഴിഞ്ഞമാസം രണ്ടിന് കോടിയേരി പപ്പന്റെ പീടികയ്ക്കടുത്ത താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും പീഡനത്തെക്കുറിച്ചുള്ള ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ സന്ദേശങ്ങളിലും പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന്റെയും ഭർതൃപിതാവിന്റെയും പീഡനമാണ് യുവതിയെ മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.