മാള: പഴൂക്കര സ്വദേശി മകരപ്പിള്ളി ആന്റുവിന്റെ ഭാര്യ ജെസിയുടെയും ഒന്നര വയസുകാരി മകൾ ചിന്നുമോളുടെയും മരണത്തിന്റെ പുനരന്വേഷണത്തി നുള്ള സ്റ്റേ സുപ്രീംകോടതി നീക്കംചെയ്തു. ജസ്റ്റീസ് ജഗദീഷ്സിംഗ് കഹാർ, ജസ്റ്റീസ് മദൻ ബി. ലോക്കൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് സ്റ്റേ നീക്കം ചെയ്ത് ഉത്തരവിറക്കിയത്. കേരള ഹൈക്കോടതി മുൻഗണനാ ക്രമത്തിൽ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
കേസ് വ്യവഹാരങ്ങൾ ദീർഘകാലമായി നീണ്ടുപോകുന്നതിനാൽ നിലവിലുള്ള തെളിവുകൾ വച്ചുകൊണ്ടു കേസ് പരിഗണിക്കണമെന്നും പരിശോധിച്ച ഡോക്ടറേയും കെമിക്കൽ അനാലിസ്റ്റിനേയും വീണ്ടും വിസ്തരിക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി ഡിവിഷൻ ബഞ്ച് പറഞ്ഞു. പുനരന്വേഷണത്തിനെതിരേ പ്രതികൾ വാങ്ങിയ സ്റ്റേ നീക്കം ചെയ്യണമെന്നു ആവശ്യപ്പെട്ടു ജെസിയുടെ പിതാവ് ജോസഫ് നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ വിധി.
1998 സെപ്റ്റംബർ 26നാണ് ജെസിയും മകൾ ചിന്നുമോളും പൊട്ടാസ്യം നൈട്രേറ്റ് ഉള്ളിൽചെന്ന് മരണപ്പെട്ടത്. ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാതെ ഭർത്താവായ ആന്റുവിന്റെ പലചരക്ക് കടയിൽ സൂക്ഷിച്ചിരുന്ന പൊട്ടാസ്യം നൈട്രേറ്റ് മകൾക്ക് നൽകിയശേഷം ജെസി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കീഴ്കോടതി പ്രതികളായിരുന്ന ജെസിയുടെ ഭർത്താവ് ആന്റുവിനെയും അയാളുടെ മാതാപിതാക്കളെയും സഹോദരിമാരെയും വെറുതെ വിട്ടിരുന്നു.ഇതിനെതിരേ ജെസിയുടെ പിതാവ് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയും കേസ് പുനരന്വേഷിക്കാൻ ഉത്തരവ് വാങ്ങുകയും ചെയ്തു. കേസ് അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചെന്നും തെളിവുകൾ ശേഖരിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
വിചാരണ കോടതിയുടെ നടപടികളെയും ഹൈക്കോടതി വിമർശിച്ചിരുന്നു. ഈ കോടതിവിധിയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം പൂർത്തിയാകാറായപ്പോഴാണ് പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. ഈ സ്റ്റേ നീക്കം ചെയ്തുകൊണ്ടാണ് ഇപ്പോൾ സുപ്രീംകോടതി ഡിവിഷൻ ബഞ്ച് ഉത്തരവായിരിക്കുന്നത്.കേസിന്റെ വാദം ഹൈക്കോടതിയിൽ പുനരാരംഭിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നും സത്യം പുറത്തുവരുന്നതുവരെ പോരാടുമെന്നും ജെസിയുടെ പിതാവ് ജോസഫ് ദീപികയോട് പറഞ്ഞു.