വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ യുവതി മരിച്ചതുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. വെഞ്ഞാറമൂട് ചക്കക്കാട് അഭിരാം ഭവനിൽ അഭിരാമിനയാണ് പോലീസ് പിടികൂടിയത്.
അഭിരാമിനൊപ്പം താമസിച്ചിരുന്ന ഗൗരി (21) യെ കഴിഞ്ഞദിവസമാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് വെഞ്ഞാറമൂട് പോലീസ് നടത്തിയ അന്വേഷണത്തിൽ അഭിരാം നിരന്തരമായി മദ്യപിച്ചെത്തി ഗൗരിയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു എന്നും യുവാവിന്റെ ക്രൂരപീഡനം സഹിക്കാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി.
ഗൗരി പ്രായപൂർത്തി ആകുന്നതിനു മുന്നേ തന്നെ അഭിരാം വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോവുകയും തുടർന്ന് ബന്ധുക്കളും ചൈൽഡ് ലൈൻ പ്രവർത്തകരും ഇടപെട്ട് ഇരുവരെയും കണ്ടെത്തി പെൺകുട്ടിയെ ഷെൽട്ടറിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായശേഷമാണ് വീണ്ടും ഇവർ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.നിലവിൽ മൂന്നു വയസായ ഒരു ആൺകുഞ്ഞും ഇവർക്കുണ്ട്. എന്നാൽ ഇവർ നിയമപരമായി വിവാഹം ചെയ്തിരുന്നില്ല.
ഇതിനിടയിൽ പലതവണ ഗൗരി അഭിരാമുമായി പിണങ്ങി സ്വന്തം വീട്ടിൽ പോയി നിന്നിട്ടുണ്ട്. പലരും നടത്തിയ ഒത്തുതീർപ്പിൽ വീണ്ടും അഭിരാമിന്റെ വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തിരുന്നു.
ഇതിനു ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.