കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മലമ്പുഴ സ്വദേശി ബംഗളൂരു നമ്പര്‍ 10 ഗ്രാൻഡ് വില്ലേജ് രാമകൃഷ്ണപുര ഗേറ്റ് അശ്വിന് സിത്താര അപ്പാര്‍ട്ടമെന്റില്‍ താമസിക്കുന്ന ദിലീപിനെ (38)യാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.
കാനഡയില്‍ താമസിക്കുന്ന യുവതിയുടെ അച്ഛന് ആലപ്പുഴ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. 2021 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും ചാറ്റിംഗിലൂടെ അടുത്തു. വിവാഹമോചന നടപടികള്‍ നടന്നു വരുന്ന യുവതിയെ ഇയാള്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഇവിടെ വച്ചാണ് പീഡിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ ദിലീപ് മൊബൈലില്‍ പകര്‍ത്തി. കുറച്ചുനാളുകൾക്ക് ശേഷം യുവതി തന്നില്‍നിന്ന് അകലുന്നുവെന്ന് മനസിലാക്കിയ ഇയാള്‍ ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ചുകൊടുക്കുകയായിരുന്നു.
ബംഗളൂരു കോടതിയില്‍ ഹാജരാക്കിയ ഇയാളെ ട്രാന്‍സിറ്റ് വാറണ്ട് പുറപ്പെടുവിച്ച ശേഷം എറണാകുളത്ത് എത്തിക്കുകയായിരുന്നു.