നവാസ് മേത്തർ
തലശേരി: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഡോക്ടർക്ക് ജില്ലാ ആശുപത്രിയിൽ പന്ത്രണ്ട് ദിവസം സുഖചികിത്സ. ശ്രീകണ്ഠാപുരത്ത് നിന്നും അറസ്റ്റിലായ ഇ എൻടി ഡോക്ടർ തളിപ്പറമ്പ് അശ്വതി ഹൗസിൽ പ്രശാന്ത് നായിക്കിനാണ് ഡോക്ടർമാരുടെ ഒത്താശയിൽ 12 ദിവസം സുഖ ചികിത്സ ലഭിച്ചത്.
കോടതിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജയിൽ സൂപ്രണ്ടിന് കോടതി നോട്ടീസ് നൽകി. ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ ബി.പി.ശശീന്ദ്രന്റെ നിർദ്ദേശ പ്രകാരം ജില്ലാ ആശുപത്രിയിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ ചികിത്സാ രേഖകൾ പിടിച്ചെടുത്തു.
ജൂലൈ എട്ടിനാണ് പ്രതിയെ തലവേദനയെ തുടർന്നു ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് 12 ദിവസം സുഖ ചികിത്സ നൽകുകയായിരുന്നു. എന്നാൽ തലവേദന, ശരീരവേദന, മുട്ടുവേദന, സർജറി കൺസൾട്ടേഷൻ,
കണ്ണിന് കാഴ്ചക്കുറവ്, ഉറക്കം കിട്ടായ്മ , ഇഎൻടി കൺസൽട്ടേഷൻ തുടങ്ങി ഒരു മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധന നടത്തിയിട്ടുള്ളതായി പോലീസ് പിടിച്ചെടുത്ത ചികിത്സാ രേഖകൾ വ്യക്തമാക്കുന്നു.
എന്നാൽ തലവേദനയല്ലാതെ മറ്റ് കാര്യമായ രോഗങ്ങളൊന്നും കണ്ടെത്തിയതായി രേഖകളിൽ ഇല്ല. 15 ന് എല്ലാ അസുഖങ്ങളും മാറിയെന്ന് രേഖപ്പെടുത്തിയ ശേഷം പുതിയ ഒരു ഡോക്ടർ എത്തി പരിശോധിക്കുകയും ഐസിയുവിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തതായും ചികിത്സാരേഖയിലുണ്ട്.
എല്ലാ അസുഖവും മാറിയെന്ന് രേഖപ്പെടുത്തിയിട്ടും ബിപിയും ഇസിജിയും എക്സറേയുമുൾപ്പെടെ എല്ലാ പരിശോധനാ ഫലങ്ങളും നോർമലായിട്ടും പ്രതിക്ക് പത്തുതരം ഗുളികകൾ എഴുതാനും ഡോക്ടർമാർ മറന്നിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
രേഖകളിൽ തിരുത്തലുകൾ വരുത്താനും ശ്രമം നടന്നിട്ടുണ്ട്. ചികിത്സാ രേഖകൾ പ്രോസിക്യൂഷൻ കോടതിക്കു മുമ്പാകെ ഹാജരാക്കി. പ്രതിയുടെ ജാമ്യ ഹരജി പരിഗണിക്കവേയാണ് സുഖ ചികിത്സ സംബന്ധിച്ച കോടതിയുടെ ഇടപെടൽ ഉണ്ടായത്.
12 ദിവസത്തെ പ്രതിയുടെ ആശുപത്രിവാസത്തെക്കുറിച്ച് അറിഞ്ഞിരുന്നുവോ എന്ന് കോടതി പ്രോസിക്യൂഷനോടും പ്രതിഭാഗം അഭിഭാഷനോടും ആരാഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രോസിക്യൂഷനോട് കോടതി വാക്കാൽ നിർദ്ദേശം നൽകുകയും ചെയ്തു.
ജൂൺ 30നാണ് ശ്രീകണ്ഠാപുരത്തെ തന്റെ ക്ലിനിക്കിലെത്തിയ യുവതിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ജൂലൈ രണ്ടിന് പ്രതി അറസ്റ്റിലായി. മൂന്നിന് പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.
കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ച് അസുഖങ്ങൾ ഒന്നുമില്ലെന്ന് വ്യക്തമായ ശേഷം ജയിലിലേക്കയച്ചു. തുടർന്നാണ് എട്ടിന് ആസൂത്രതമായി പ്രതിയെ വീണ്ടും ആശുപത്രിയിലെത്തിച്ചത്.