തലശേരി: ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഡോക്ടറുടെ ജാമ്യഹർജി ജില്ലാ സെഷൻസ് കോടതി തള്ളി.
ശ്രീകണ്ഠാപുരത്തുനിന്ന് അറസ്റ്റിലായ ഇഎൻടി ഡോക്ടർ കർണാടക സ്വദേശി തളിപ്പറമ്പ് അശ്വതി ഹൗസിൽ പ്രശാന്ത് നായിക്കിന്റെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്. ഡോക്ടർമാരുടെ ഒത്താശയിൽ പ്രതിക്ക് ജില്ലാ ആശുപത്രിയിൽ പന്ത്രണ്ട് ദിവസം സുഖ ചികിത്സ ലഭിച്ചത് വിവാദമായിരുന്നു.
രേഖകൾ പ്രകാരം അസുഖങ്ങൾ ഇല്ലാതിരിക്കെ പ്രതിക്ക് 12 ദിവസം സുഖചികിത്സ ലഭിച്ചതിൽ നിന്നും പ്രതിയുടെ സ്വധീനം വ്യക്തമാണെന്നും സാക്ഷികളെ സ്വാധീനിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും കോടതി ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള വിധി ന്യായത്തിൽ പറഞ്ഞു.
ജാമ്യഹർജി തളളിക്കൊണ്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജയിലിൽ കിടക്കേണ്ട പ്രതിക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോർട്ട് പ്രോസിക്യൂഷൻ സർക്കാരിന് സമർപ്പിക്കും.
കോടതിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിക്ക് ലഭിച്ച സുഖചികിത്സാ വിവരം പുറത്തായത്. ജൂൺ 30നാണ് തന്റെ ക്ലിനിക്കിലെത്തിയ യുവതിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
ജൂലൈ രണ്ടിന് പ്രതി അറസ്റ്റിലായി. മൂന്നിന് പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ച് അസുഖങ്ങൾ ഒന്നുമില്ലെന്ന് വ്യക്തമായ ശേഷം ജയിലിലേക്ക് അയച്ചു.
തുടർന്നാണ് എട്ടിന് ആസൂത്രതമായി പ്രതിയെ വീണ്ടും ആശുപത്രിയിലെത്തിച്ചത്. തുടർന്ന് 12 ദിവസം സുഖ ചികിത്സ നൽകുകയായിരുന്നു.