കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ വിദേശത്തെത്തിച്ച് പീഡിപ്പിച്ചതായുള്ള പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. തൃക്കടവൂർ സ്വദേശിനിയായ യുവതിയാണ് ഇത് സംബന്ധിച്ച് ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കെതിരെ അഞ്ചാലുംമൂട് പോലീസിൽ ഇന്നലെ പരാതി നൽകിയത്.
യുവതിയുടെ പരാതിയിൽ പറയുന്ന ആരോപണവിധേയരായവരെ ഇന്ന് ചോദ്യം ചെയ്യുമെന്ന് അഞ്ചാലുംമൂട് എസ്ഐ ദേവരാജൻ പറഞ്ഞു. മസ്കറ്റിൽ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്നും താമസവും ഭക്ഷണവും കഴിഞ്ഞ് 20000 രൂപ ശന്പളം നൽകുമെന്നും കാട്ടിയാണ് യുവതിയെ കൊണ്ടുപോയതെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് ഇവരെ വിദേശത്ത് കൊണ്ടുപോയത്. ഇവിടെ വച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എതിർപ്പ് പ്രകടിപ്പിച്ചതോടെ മുറിയിൽ പൂട്ടിയിട്ട് പലർക്കും കാഴ്ചവച്ചതായാണ് പരാതിയിൽ പറയുന്നത്.
ഏപ്രിൽ 26ന് നാട്ടിലെത്തിയെങ്കിലും സംഭവം ആരോടും പറഞ്ഞിരുന്നില്ല. വിസയുടെ കാലാവധി അവസാനിക്കാത്തതിനാൽ വീണ്ടും വിദേശത്തുപോകുകയായിരുന്നു. അവിടെവച്ച് വീണ്ടും പീഡനം തുടങ്ങിയതോടെ യുവതി ഭർത്താവിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഭർത്താവ് ഗൾഫിലെത്തി യുവതിയെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പാസ് പോർട്ട് നൽകിയില്ല. തുടർന്ന് യുവതിയുടെ ഭർത്താവ് എംബസിയുടെ സഹായത്തോടെ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഇവർ നാട്ടിലെത്തിയത്.
പ്രതികളിലൊരാളുടെ വീട്ടിലെത്തി യുവതിയുടെ ഭർത്താവും സഹോദരനും ചേർന്ന് ആരോപണവിധേയയായ യുവതിയുടെ മാതാവിനെ മർദിച്ചതായി കാട്ടി പരാതിനൽകിയതിനെതുടർന്ന് യുവതിയുടെ ഭർത്താവിനെതിരെയും അഞ്ചാലുംമൂട് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെല്ലാം നാട്ടിലുള്ളതും പോലീസിന് സഹായമായിട്ടുണ്ട്.