സീമ മോഹൻലാൽ
കൊച്ചി: എറണാകുളത്ത് പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിൽ. കുട്ടിയെ നിരവധിപ്പേർക്ക് കാഴ്ചവച്ചതായി പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ്(40), തൃശൂർ കൃഷ്ണപുരം കാക്കശേരി വീട്ടിൽ അജിത്ത്കുമാർ(24), ആലുവ ചൂർണിക്കര കരിപ്പായിൽ വീട്ടിൽ കെ.ബി സലാം(49), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ(34) എന്നിവരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തു.
അഞ്ച് പ്രതികളെ പാലാരിവട്ടം പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച പ്രതി ഗോഡ്വിനെ പാരിപ്പിള്ളി പോലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
2021 ഓഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂർ ജില്ലക്കാരിയായ പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച് തൃശൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തിയ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ഗോഡ്വിൻ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ പരിയചക്കാരായ ലോഡ്ജ് ഉടമ ജോഷി, ലോഡ്ജ് മാനേജർ മനോജ് എന്നിവർക്ക് പെണ്‍കുട്ടിയെ കാഴ്ചവച്ചു.
അവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മടങ്ങിപ്പോകാനായി കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയപ്പോഴാണ് അജിത്ത്കുമാർ പരിചയപ്പെട്ടത്. ഇയാളെ പെണ്‍കുട്ടിയെ മറ്റൊരു ലോഡ്ജിലെത്തിച്ചു കൂടെ താമസിച്ച് പീഡിപ്പിച്ച ശേഷം സുഹൃത്തായ സലാമിനെ വിളിച്ചു വരുത്തുകയായിരുന്നു.
ഇയാളും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. തുടർന്ന് പാലാരിവട്ടത്തെത്തിയ പെണ്‍കുട്ടി അവിടെ ഒരു സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിൽ താമസിച്ചു. ഇവിടെ വച്ചാണ് പെണ്‍കുട്ടിയെ നിരവധിപ്പേർ പീഡിപ്പിച്ചത്.
പാലാരിവട്ടത്തെ പീഡനക്കേസുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരിയായ സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായത്. കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകും