നാഗ്പുർ: പരസ്പരം കാണാതെ സോഷ്യൽ മീഡിയയിലൂടെ നലുവർഷത്തെ പരിചയം. ഒടുവിൽ കാണാൻ ഇരുവരും തിരുമാനിച്ചു. കണ്ട് കഴിഞ്ഞു പെൺകുട്ടിക്ക് യുവാവ് കൊടുത്തത് എട്ടിന്റെ പണി.
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. എയർഫോഴ്സ് ഉദ്യോസ്ഥനെന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് യുവാവ് പണം തട്ടിയെടുക്കുകയും നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്തെന്ന പരാതിയുമായാണ് യുവതി പോലീസ് സ്റ്റേഷനിലെത്തിയത്.
36കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്, ശ്യാം സുപത്കർ എന്നയാൾക്കെതിരെ ബലാത്സംഗം, പണം തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തു. ശ്യാം വർമ എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ പ്രതിയെ നാല് വർഷം മുമ്പ് ഫേസ്ബുക്കിൽ കൂടിയാണ് പരിചയപ്പെട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
താനൊരു ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണെന്നും താൻ നാഗ്പൂരിലാണ് താമസിക്കുന്നതെന്നും ഇയാൾ അവകാശപ്പെട്ടു. ഒടുവിൽ കണ്ടുമുട്ടാൻ ഇരുവരും തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്കിടെ, സുപത്കർ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി, അവളെ ബോധരഹിതയാക്കി. തുടർന്ന് നഗ്ന ചിത്രം പകർത്തുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.
തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പുറത്തുവിടുമെന്ന് സുപത്കർ ഭീഷണിപ്പെടുത്തിയതായി അജ്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് നാല് ലക്ഷം രൂപയും സ്വർണവും വെള്ളി ആഭരണങ്ങളും പ്രതി തട്ടിയെടുത്തു.
ഇയാൾ വ്യോമസേനാ ഉദ്യോഗസ്ഥനല്ലെന്ന് മനസിലാക്കിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ഇയാളെ ഉടൻ പിടികൂടുമെന്ന് പോലസ് അറിയിച്ചു.