കിഴക്കമ്പലം: പട്ടിമറ്റം ചേലക്കുളത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കരാട്ടെ ട്രെയിനർ റിമാൻഡിൽ. ചേലക്കുളം പാറക്കവെട്ടി ഫിറോസ് ഖാനാണു (42) റിമാൻഡിലായത്.
കരാട്ടെ ട്രെയിനിംഗിന്റെ മറവിലാണു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും പ്രതി ലൈംഗിക ചൂഷണത്തിനിരയാക്കിയതെന്നും വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ പതിനഞ്ചോളം പരാതികളുണ്ടെന്നും പോലീസ് പറഞ്ഞു.
ഭീഷണിപ്പെടുത്തിയാണ് പലരെയും ഫിറോസ് പീഡനത്തിനിരയാക്കിയിട്ടുള്ളത്. സമ്പന്നനായ ഇയാൾക്കെതിരേ പരാതി നൽകാൻ ഇരകൾക്കു ധൈര്യമില്ലാത്ത സ്ഥിതിയായിരുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരാണു പരാതിപ്പെട്ടത്. കേസ് ഒതുക്കിത്തീർക്കാൻ പ്രതി ശ്രമിച്ചപ്പോൾ ഫിറോസിന്റെ ഭാര്യ തന്നെ ഭർത്താവിന് നിരവധി സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് മൊഴി നൽകിയതായി കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഫിറോസ് കുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
2017 ജനുവരിയിലാണു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അച്ഛനുമായുണ്ടായിരുന്ന സൗഹൃദം മറയാക്കിയാണു പീഡനം നടത്തിയതെന്നും ചേലക്കുളത്ത് നടത്തുന്ന സൂപ്പർമാർക്കറ്റ് വഴിയും നിരവധി സ്ത്രീകളെ പ്രതി വലയിലാക്കിയെന്നും പോലീസ് പറഞ്ഞു.