കൊല്ലം: കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ചെറിയഴിക്കല്‍ പന്നിശേരില്‍ നിഖില്‍ (28), അരയശേരില്‍ ജയന് എന്നിവരാണ് പിടിയിലായത്.
വള്ളിക്കാവ് അമൃതപുരിയില്‍ എത്തിയ അമേരിക്കയില്‍ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. മദ്യം നല്കി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.
ആശ്രമത്തിനു സമീപമുള്ള ബീച്ചില്‍ ഇരിക്കുകയായിരുന്ന വനിതയെ സമീപിച്ച പ്രതികള്‍ സൗഹൃദം സ്ഥാപിച്ച ശേഷം മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
അമിതമായ മദ്യം കഴിച്ചതിനാല്‍ സ്ത്രീക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് ആശ്രമത്തിലെത്തിയ ഇവര്‍ അധികൃതരോട് വിവരം പറയുകയായിരുന്നു. ആശ്രമം അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് സ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.