കോഴിക്കോട്: ബലാല്‍സംഗകേസുകളില്‍ ഇരയാക്കപ്പെട്ടവര്ക്കുള്പ്പെടെ വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം കേന്ദ്ര അനുവദിക്കുന്ന ഫണ്ട് നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ക്രിമിനല്‍ നടപടി ക്രമത്തിലെ 357 എ വകുപ്പ് പ്രകാരം നടപ്പാക്കുന്ന പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ഒരോ സംസ്ഥാനങ്ങള്‍ക്കും ഫണ്ട് നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇരകള്‍ക്ക് വിതരണം ചെയുന്നതില്‍ വീഴ്ച വരുത്തിയതായി കമ്മീഷന് ജൂഡീഷ്യല്‍ അംഗം പി.മോഹനദാസ് പറഞ്ഞു.
സംസ്ഥാനത്ത് ബലാല്‍സംഗത്തിനിരയായ പതിനാലു കാരിക്ക് വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതിയിലൂടെ ഏട്ടു ലക്ഷം നഷ്ടപരിഹാരം നല്കാന് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോററ്റി തയ്യാറാകാത്ത പരാതിയില്‍ 30 ദിവസത്തിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഫിനാന്‍സ് സെക്രട്ടറിക്കും കമ്മീഷന് നോട്ടീസ് അയ്ച്ചതായി അദാലത്തിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മോഹനദാസ് അറിയിച്ചു.
ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ശിക്ഷപ്പെട്ടാലും ഇല്ലെങ്കിലും ഇരകളായവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി വഴി 60 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമം. നഷ്ടപരിഹാര തുക നല്‍കാനുള്ള ബാധ്യത പൂര്‍ണ്ണമായും സര്‍ക്കാരിനാണ്.
നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തിലാണ് ഇരകളുടെ പുനരധിവാസം ലക്ഷ്യമിട്ട് നഷ്ടപരിഹാരം സര്‍ക്കാര്‍ മുഖേനെ നല്കാന് പദ്ധതി ആവിഷ്ക്കരിച്ചത്. സംസ്ഥാന സര്‍ക്കാരിലൂടെ സംസ്ഥാന ജില്ല ലീഗല്‍ അതോററ്റികളാണ് ഫണ്ട് നല്‍കേണ്ടത്.
എന്നാല്‍ കേന്ദ്രം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്കുന്നതില് കടുത്ത അനാസ്ഥയാണ് കാണിച്ചിരിക്കുന്നതെന്നും കമ്മീഷന് വിമര്‍ശിച്ചു. അപകടങ്ങള്‍ ഒഴിച്ചുള്ള കേസുകളില്‍ ഇരകളായവര്‍ക്ക് വിക്ടിം കോമ്പന്‍സേഷന്‍ ലഭ്യമാകേണ്ടതിനെ കുറിച്ച് ജനങ്ങള്‍ക്ക് അറിവില്ല. ബന്ധപ്പെട്ടവര്‍ ഇവരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കാറുമില്ലെന്നതാണ് വാസ്തവമെന്നും പി മോഹനദാസ് പറഞ്ഞു.