ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഗോവ ദേശീയ ടീം മുഖ്യനീന്തൽ പരിശീലകൻ സുരജിത്ത് ഗാംഗുലിക്കെതിരെ പോലീസ് കേസെടുത്തു. പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഗാംഗുലിയെ പരിശീലക സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ദേശീയകായിക മന്ത്രി കിരൺ റിജിജുവാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്.
ഇയാൾക്കെതിരെ കായിക വകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ട്വിറ്ററിൽ പറഞ്ഞു. വളരെ ഗുരുതരമായ കുറ്റകൃത്യമായതിനാൽ പരിശീലകനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് അഭ്യർഥിക്കുന്നതായും റിജിജു ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്. രാജ്യത്ത് ഒരിടത്തും ഇയാൾക്ക് ജോലി നൽകരുതെന്ന് സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടതായും റിജിജു അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് സംസ്ഥാന നീന്തൽ ടീം പരിശീലകനായ സുരജിത്ത് ഗാംഗുലി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. രണ്ടു വർഷം മുൻപാണ് സുരജിത്ത് ഗാംഗുലി ഗോവ സ്വിമ്മിംഗ് അസോസിയേഷനില്‍ പരിശീലകനായത്.
മുൻപ് ഇയാൾക്കെതിരെ യാതൊരു ആരോപണവും വന്നിട്ടില്ലെന്നും സ്വിമ്മിംഗ് ഫെഡറേഷൻ അധികൃതർ അറിയിച്ചു. അന്താരാഷ്ട്രതലത്തിൽ നടന്ന നീന്തൽ മത്സരങ്ങളിൽ 12 മെഡലുകൾ ഗാംഗുലി സ്വന്തമാക്കിയിട്ടുണ്ട്.