മാവേലിക്കര: കണ്ടിയൂരിൽ തൊണ്ണൂറുകാരിയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷി (23) നെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ആണ് പ്രതിയെ കുടുക്കിയത്. സുഹൃത്തിനെ കുടുക്കി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ഗിരീഷ് ഓടുപൊളിച്ചു വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നു പേലീസ് പറഞ്ഞു. രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽനിന്ന് അശ്വതി മഹോത്സവത്തിനു ശേഷം അറുപതുകാരിയായ മകൾ തിരികെയെത്തിയപ്പോഴാണ് വയോധിക ഉപദ്രവിക്കപ്പെട്ടതായി കണ്ടത്.
വയോധികയുടെ വസ്ത്രത്തിൽ രക്തം കണ്ടതിനെക്കുറിച്ച് ആരാഞ്ഞപ്പോഴാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവരെ നാട്ടുകാർ ചേർന്നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയോധികയുടെ കിടപ്പുമുറിൽനിന്നു ലഭിച്ച മൊബൈൽ ഫോണിനെക്കുറിച്ചുനടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്. വയോധികയുടെ വീടിനു സമീപത്തുനിന്നുമാണു പ്രതി പിടിയിലായത്.
സുഹൃത്തിന്റെ കൈവശമായിരുന്നു തന്റെ മൊബൈൽ എന്നായിരുന്നു പ്രതിയുടെ ആദ്യ നിലപാട്. തുടർന്നു നടന്ന ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ നടന്നതു മൃഗീയമായ പീഡനമാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുഹൃത്തിനെ കുടുക്കി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ആദ്യ ശ്രമം. നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസിനു ലഭിച്ചു എന്നറിഞ്ഞ പ്രതി മറ്റൊരു നന്പരിൽനിന്ന് ഈ ഫോണിലേക്കു വിളിച്ചു തന്റെ സുഹൃത്തായ കുരുവിക്കാട് സ്വദേശിയെ അന്വേഷിച്ചിരുന്നു. ഫോൺ സുഹൃത്തിന്റെ കൈവശമാണെന്ന ധാരണ സൃഷ്ടിക്കാനായിരുന്നു ഇത്.
മൊബൈൽ തന്റെ സുഹൃത്തിന്റെ കൈവശം ബുധനാഴ്ച വൈകുന്നേരത്തോടെ ചാർജ് ചെയ്യാൻ കൊടുത്തു വിട്ടെന്നും തുടർന്ന് അശ്വതി മഹോത്സവം കാണാൻ പോയ താൻ തിരികെ വീട്ടിൽ വന്നു കിടന്നു എന്നുമായിരുന്നു ആദ്യമൊഴി. ഇതിനെത്തുടർന്നു സ്വകാര്യ ബസ് ജീവനക്കാരനായ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു നടത്തിയ ചോദ്യംചെയ്യലിലാണു ഗിരീഷിന്റെ വാദം പൊളിഞ്ഞത്.
മദ്യം ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രതിക്കു ലൈംഗിക വൈകൃതങ്ങൾ ഏറെയുണ്ടെന്നും പോലീസ് പറഞ്ഞു. മൃഗങ്ങളെയും ഇയാൾ ഉപദ്രവിച്ചിരുന്നു. ജില്ലാ പേലീസ് മേധാവിയുടെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ്പി ശിവസുതൻ പിള്ളയുടെ മേൽനേട്ടത്തിൽ മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയായ ഗിരീഷിനെ ഇന്നലെ മാവേലിക്കര ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതി ലൈംഗിക വൈകൃതങ്ങൾക്കും ലഹരിക്കും അടിമ
മാവേലിക്കര: കണ്ടിയൂരിൽ 90 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷ്(23) ലൈംഗിക വൈകൃതങ്ങൾക്കും ലഹരിക്കും അടിമയാണെന്ന് പോലീസ് പറഞ്ഞു. മദ്യം ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രതിക്ക് ലൈംഗിക വൈകൃതങ്ങൾ ഏറെയുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാളുടെ ലൈംഗിക പ്രക്രിയകൾക്കു മൃഗങ്ങളെ വരെ ഉപയോഗിച്ചിരുന്നതായി കുറ്റ സമ്മതത്തിൽ പറഞ്ഞതായി പോലീസ് പറഞ്ഞു.
മൊബൈൽ ഫോണിലും മറ്റുമായി സ്ഥിരമായി ലൈംഗിക വീഡിയോ കാണുന്നതും പ്രതിയുടെ വിനോദമാണ്. ആദ്യമായാണ് ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്നും പ്രതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇയാൾ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരികൾ ഉപയോഗിക്കുന്ന ആളാണൊ എന്നറിയാൻ പരിശോധന നടത്തി. അതിന്റെ റിപ്പോർട്ട് ഉടനടി ലഭിക്കും. അടിപിടി കേസുകൾ ഉൾപ്പടെ മൂന്നു കേസുകളിൽ പ്രതിയാണ്.
പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിയപ്പോൾ കുറ്റബോധത്തിന്റേതായ യാതൊരു ഭാവവും ഗിരീഷിന് ഇല്ലായിരുന്നു. ഭാവഭേദങ്ങൾ ഒന്നുമില്ലാതെ പോലീസിനോട് പ്രതി ചെയ്ത കാര്യങ്ങൾ പറഞ്ഞു കൊടുത്തു. നാട്ടുകാരും മറ്റും ആക്രോശം ഉയർത്തിയിട്ടും പ്രതിയിൽ യാതൊരു ഭാവഭേദങ്ങളും ഉണ്ടായില്ല. ഇയാളുടെ ഭാവവ്യത്യാസം ഇല്ലായ്മ ആദ്യഘട്ട അന്വേഷണത്തിൽ പോലീസിനെ പോലും സംശയത്തിലാക്കിയിരുന്നതായി പോലീസ് സംഘവും പറയുന്നു.