കുളത്തൂപ്പുഴ: ഏഴുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനുശേഷം നാട്ടുകാരുടെഎതിർപ്പിനെതുടർന്ന് വീടുവിട്ടുപോയ കുടുംബത്തെ പോലീസ് ഇടപെട്ട് തിരികെ വീട്ടിലെത്തിച്ചു. വീടുപേക്ഷിച്ചു പോകാനിടയായ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പരിസരവാസികളായ മൂന്നുപേർക്കെതിരെ പരാതിനൽകി. ഇന്നലെ വൈകുന്നേരമാണ് ഇവരെ വീട്ടിലെത്തിച്ചത്.
കുടുംബത്തെ ഏരൂരിലെ വീട്ടിൽനിന്ന് ഇറക്കിവിട്ട സംഭവം വിവാദമായിരുന്നു. തുടർന്ന് സർവ കക്ഷിയോഗം ചേർന്ന് ഇവരെ മടക്കിക്കൊണ്ടുവരാൻ തീരുമാനമെടുക്കുകയായിരുന്നു. ഇവർ വീട്ടിൽവരുന്നതിൽ തടസം നിൽക്കുകയും നേരത്തെ കുടുംബത്തിനെതിരെ ആക്ഷേപവുമായി രംഗത്തുവരികയും ചെയ്ത മൂന്നുപേർക്കെതിരെയാണ് പരാതി നൽകിയത്. കുളത്തൂപ്പുഴ സർക്കിൾ ഇൻസ്പെക്ടറാണ് അന്വേഷണം നടത്തുന്നത്.