കൊച്ചി: പീഡനക്കേസിൽ പ്രതിയെ ശിക്ഷിക്കാൻ ഇരയുടെ മൊഴി മാത്രം മതിയെന്നതിനാൽ പീഡനമാരോപിച്ചുള്ള വ്യാജ പരാതികളെ പോലീസ് ഗൗരവത്തിൽ കാണണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു വ്യാജ പരാതി നൽകിയ തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിനിയായ യുവതിക്കെതിരേ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും സിംഗിൾബഞ്ച് ഉത്തരവിട്ടു.
തനിക്കെതിരായ വ്യാജ പരാതിയിൽ 2013 ൽ ശ്രീകാര്യം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ തിരുവനന്തപുരം അതിയന്നൂർ സ്വദേശി സനൽകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിക്ഷിപ്ത താല്പര്യത്തോടെയാണ് യുവതി പരാതി നൽകിയതെന്നു വിലയിരുത്തിയ കോടതി വ്യാജ പരാതി നൽകിയ യുവതിക്കെതിരേ കേസെടുക്കുകയാണു വേണ്ടതെന്നു വ്യക്തമാക്കി.
ഇതിനായി ഉടൻ നടപടിയെടുക്കാൻ തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഐജിക്കും ജില്ലാ പോലീസ് മേധാവിക്കും ഹൈക്കോടതി നിർദേശം നൽകി.യുവതിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തി സിംഗിൾബെഞ്ച് ഹർജിക്കാരനെതിരായ കേസ് റദ്ദാക്കിയിട്ടുമുണ്ട്.
പരസ്പര സമ്മതപ്രകാരം ഒരുമിച്ചു കഴിഞ്ഞശേഷം പീഡനമാരോപിക്കാനാവില്ലെന്നു ഹൈക്കോടതി വിലയിരുത്തി. നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിക്കാനാവില്ലെന്നിരിക്കെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.