ബറേലി: ആശുപത്രിയിലെ ഐസിയുവിൽ കഴിഞ്ഞിരുന്ന കൗമാരക്കാരിയെ ജീവനക്കാരും മറ്റു ചിലരും ചേർന്നു കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ ബറേലിയിലാണു സംഭവം.
പാന്പു കടിയേറ്റതിനെ തുടർന്ന് അഞ്ചു ദിവസം മുന്‍പാണു പെണ്‍കുട്ടിയെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ യൂണിഫോം ധരിച്ച് അകത്ത് എത്തിയവർ പെണ്‍കുട്ടിക്ക് കുത്തിവയ്പ് നൽകാൻ ശ്രമിച്ചു. ഇത് പെണ്‍കുട്ടി ചെറുത്തതോടെ ഇവർ ചേർന്നു പെണ്‍കുട്ടിയെ കൈകൾ കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ഒരു ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാലുപേർ ഒളിവിലാണ്. പീഡിപ്പിക്കപ്പെടുന്പോൾ പെണ്‍കുട്ടി മാത്രമാണ് ഐസിയുവിലുണ്ടായിരുന്നത്. പിന്നീട് ജനറൽ വാർഡിലേക്കു മാറ്റിയപ്പോഴാണ് പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്ന ബന്ധുവിനോടു പീഡനവിവരം വെളിപ്പെടുത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
രണ്ടാഴ്ച മുന്‍പ് ഉത്തർപ്രദേശിലെ തന്നെ ബാഗ്പതിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സിംഗ് വിദ്യാർഥി പീഡനത്തിനിരയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മെഡിക്കൽ വിദ്യാർഥി, വാർഡ് ബോയി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.