വീട്ടമ്മയെ അടിച്ചുവീഴ്ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതി 27 വര്‍ഷത്തിനുശേഷം കോടതിയില്‍ കീഴടങ്ങി. പൂഞ്ഞാര്‍ വടക്കേപ്പറമ്പില്‍ ക്രിസ്തുദാസ് ആണ് ബുധനാഴ്ച പാലാ സബ് കോടതിയില്‍ കീഴടങ്ങിയത്. ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതുടര്ന്ന് അപ്പീല്‍ ജാമ്യകാലാവധിയില്‍ പ്രതി ഒളിവില്‍ പോവുകയായിരുന്നു. 1991-ലായിരുന്നു കേസിനാസ്പദമായ സംഭവം.
ക്രിസ്തുദാസ് മറ്റൊരു പ്രതിയുമായി ചേര്‍ന്ന് വീട്ടമ്മയെ അടിച്ചുവീഴ്ത്തിയശേഷം കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. കേസ്സില്‍ ഏഴ് വര്‍ഷം ശിക്ഷിക്കപ്പെട്ട പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അപ്പീല്‍ ജാമ്യത്തില്‍ കഴിഞ്ഞുവരികയായിരുന്നു. 1994-ല്‍ ഹൈക്കോടതി കീഴ്കോടതി വിധി ശരിവച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്.
കഴിഞ്ഞയിടെ പാലാ സബ് കോടതി പ്രതിയെ കണ്ടെത്താന്‍ പാലാ ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി. തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതി തിരുവനന്തപുരം നെടുമങ്ങാട് ഭാഗത്തുള്ളതായി വിവരം ലഭിച്ചു. ഇതോടെ പിടിയിലാകുമെന്ന് ഉറപ്പായ പ്രതി കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. കോടതി ഇയാളെ ഏഴ് വര്‍ഷത്തേക്കുള്ള ശിക്ഷ അനുഭവിക്കുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.