ടെൽ അവീവ്: ഹമാസ് ഭീകരസംഘടനയിൽ അംഗങ്ങളായ അച്ഛനും മകനും ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ ഇസ്രേലി വനിതയെ മാറിമാറി മാനഭംഗപ്പെടുത്തിയെന്നു സമ്മതിക്കുന്ന വീഡിയോ പുറത്തുവന്നു. ഗാസയിൽനിന്നു പിടികൂടിയ ഇരുവരെയും ഇസ്രേലി സേന ചോദ്യം ചെയ്യുന്പോൾ കുറ്റം സമ്മതിക്കുന്ന വീഡിയോ ആണിത്.
ജമാൽ ഹുസൈൻ അഹ്മദ് റാദി (47), പതിനെട്ടുകാരനായ മകൻ അബ്ദല്ല എന്നിവരെ മാർച്ചിലാണ് ഇസ്രേലി സേന പിടികൂടിയത്. ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ഭീകരാക്രമണത്തിൽ പങ്കെടുക്കുന്നതിനിടെ ഒരു വീട്ടിൽനിന്നു വനിതയുടെ നിലവിളി കേട്ടതായി ജമാൽ അന്വേഷണസംഘത്തോടു പറയുന്നു.
“ ഞാനവളെ തോക്ക് ചൂണ്ടി വിവസ്ത്രയാക്കി. അവൾ ജീൻസ് ഷോർട്സ് ആണു ധരിച്ചിരുന്നതെന്നു ഞാനോർക്കുന്നു. അത്രയുമേ ഓർക്കുന്നുള്ളൂ”- മാനഭംഗപ്പെടുത്തിയതിനു ശേഷം ഇസ്രേലി വനിതയ്ക്ക് എന്തു പറ്റിയെന്നറിയില്ലെന്നും ജമാൽ പറഞ്ഞു.
എന്നാൽ, അച്ഛൻ ആ സ്ത്രീയെ കൊലപ്പെടുത്തിയതായി മകൻ അബ്ദല്ല അന്വേഷ സംഘത്തോടു സമ്മതിച്ചു. “എന്റെ അച്ഛൻ അവളെ മാനഭംഗപ്പെടുത്തി. പിന്നെ ഞാനും എന്റെ കസിനും. പിന്നീട് ഞങ്ങൾ പുറത്തിറങ്ങി. അതിനുശേഷം അച്ഛൻ അവളെ വധിച്ചു.” മറ്റു വീടുകളിൽ കണ്ടവരെയും മാനഭംഗപ്പെടുത്തുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തതായും ജമാൽ സമ്മതിച്ചു.
ഭീകരാക്രമണത്തിനിടെ ഹമാസ് ഭീകരർ ഇസ്രേലി വനിതാ സൈനികരെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. നിന്ദ്യമായ പീഡനങ്ങൾക്കാണു സൈനികർ ഇരയായത്.