പാറ്റ്ന: ബിഹാറിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ചു. തടവറിയിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടിയുടെ പരാതിയിൽ ഒൻപത് പേർക്കെതിരെ കേസ്. നടുക്കുന്ന സംഭവം മുസാഫർപുർ ജില്ലയിൽ.
വ്യാജ മാർക്കറ്റിംഗ് സ്ഥാപനവുമായി ബന്ധമുള്ളവരാണ് കേസിലെ പ്രതികൾ. സംഭവം കേസായതോടെ ഒമ്പത് പ്രതികളും മുങ്ങി. ഇവരെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു. .
പ്രതികളുടെ പക്കൽ നിന്നും രക്ഷപ്പെട്ടവരിൽ ഒരാൾ ഒമ്പത് പേർക്കെതിരെ കോടതിയിൽ പരാതി നൽകിയിരുന്നു. കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
2022 ജൂണിൽ സോഷ്യൽ മീഡിയ വഴിയാണ് പ്രതി രക്ഷപെട്ട പെൺകുട്ടിയുമായി ബന്ധപ്പെട്ടത്. നല്ലൊരു ജോലി ലഭിക്കാൻ മുസാഫർപൂരിലെത്താൻ പ്രതി പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.
മുസാഫർപൂരിൽ വന്നപ്പോൾ യുവതിയെ ആദ്യം ഒരു മുറിയിൽ പാർപ്പിച്ചു. മറ്റ് നിരവധി പെൺകുട്ടികളും അവിടെ താമസിച്ചിരുന്നു. പിന്നീട്, അവരെ ഒരു അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയും ജോലി വാഗ്ദാനം ചെയ്ത് നിരവധി പെൺകുട്ടികളെ അവരെ കൊണ്ട് വിളിപ്പിക്കുകയും ചെയ്തു.
പ്രതികൾ യുവതികളെ മർദിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. പരാതിക്കാരിയെയും മറ്റ് ഇരകളെയും ഇവർ ബലമായി വിവാഹം കഴിക്കുകയും ചെയ്തു. ഗർഭിണിയായവരെ കൊണ്ട് ഭ്രൂണഹത്യ ചെയ്യിപ്പിച്ചു. ഒടുവിൽ, ഇവിടെ നിന്നും രക്ഷപെട്ട ഒരു പെൺകുട്ടി വിവരം പോലീസിൽ അറിയിച്ചു.
എന്നാൽ തന്റെ പരാതി സ്വീകരിക്കാൻ ആദ്യം പോലീസ് വിസമ്മതിച്ചെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും രക്ഷപ്പെട്ട യുവതി പറഞ്ഞു. പോലീസ് കേസെടുക്കാത്തതിന്റെ കാരണം അന്വേഷിക്കുമെന്ന് എസ്പി വിനിത സിൻഹ പറഞ്ഞു.