വെള്ളമുണ്ട: പ്രായ പൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി നിരവധി തവണ പീഡിപ്പിച്ചെന്ന പരാതിയിൽ ദന്പതികൾ ഉൾപ്പെടെ മൂന്നുപേർ റിമാൻഡിൽ. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പീച്ചങ്കോടുള്ള ഒരു കോർട്ടേഴ്സിൽ താമസിച്ചു വരുന്ന ഇരിട്ടി കിളിയന്തറ ഉത്തും കുഴിയിൽ സോണി ഫിലിപ്പ് (38), ഇതേ കോർട്ടേഴ്സിലെ പാലമുക്ക് ബീരാളി വീട്ടിൽ ജമീല (30), ഭർത്താവ് തരിയോട് കാലിക്കുനി ഓടയിൽ വീട്ടിൽ ഹംസ (38) എന്നിവരാണ് അറസ്റ്റിലായത്.
പരാതിക്കാരിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതി സോണി ഫിലിപ്പ് രണ്ടാം പ്രതി ജമീലയുടെ ഒത്താശയോടെ പല തവണ ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതി. ഇതിനിടയിൽ പല തവണ മൂന്നാം പ്രതി ഹംസ ലൈംഗീക ഉദ്ദേശത്തോടെ പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളിൽ പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെയും ബലാത്സംഗത്തിനും പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.