കാഞ്ഞങ്ങാട്: വീടിനകത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണം കവര്‍ന്ന കേസിൽ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്. കുട്ടി ഇപ്പോൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാനായില്ല.
പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ പെണ്‍കുട്ടിയെയാണ് ഇന്നു പുലര്‍ച്ചെ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ മറ്റൊരു വീടിനു സമീപം കണ്ടെത്തിയത്. പെണ്‍കുട്ടിതന്നെയാണ് ഈ വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് വീട്ടുകാരെ വിവരമറിയിച്ചത്.
വീടിനകത്ത് ഉറങ്ങിക്കിടന്ന തന്നെ ആരോ എടുത്തുകൊണ്ടുപോയി കമ്മലുകള്‍ കവര്‍ന്ന ശേഷം വഴിയിലുപേക്ഷിച്ചതാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. ജില്ലാ പോലീസ് മേധാവി പി. ബിജോയിയും കാഞ്ഞങ്ങാട് ഇന്‍സ്പെക്ടര്‍ എം.പി. ആസാദും അടങ്ങുന്ന പോലീസ് സംഘം സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി പരിശോധന നടത്തി.
ക്ഷീരകര്‍ഷകനായ പെണ്‍കുട്ടിയുടെ വലിയച്ഛന് പുലര്‍ച്ചെ മൂന്നിന് തൊഴുത്തിലേക്ക് പോകാറുണ്ട്. ആ സമയത്ത് പാത്രങ്ങളും മറ്റും എടുക്കാനായി വാതില്‍ തുറന്നുവച്ചിരുന്ന സമയത്ത് അക്രമി അകത്തുകടന്ന് പെണ്‍കുട്ടിയെ എടുത്ത് കടന്നുകളഞ്ഞതാകാമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പെണ്‍കുട്ടി അയല്‍വീട്ടില്‍ എത്തുന്നതുവരെ കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.