സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: കുട്ടികൾ വീടുകളിൽ പോലും സുരക്ഷിതരെല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ് റിപ്പോർട്ട്.കണ്ണൂർ ജില്ലയിൽ സ്ത്രീ പീഡനങ്ങളും കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.2018 ൽ ജില്ലയിൽ 482 സ്ത്രീ പീഡന കേസുകൾ റജിസ്റ്റർ ചെയ്തതായി ജില്ലാ ക്രൈം റിക്കോർഡ് ബ്യുറോയുടെ കണക്കുകൾ.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികം വരും.ഇതിൽ സ്ക്കൂൾ വിദ്യാർഥികൾ മുതൽ വയോധിക വരെയുള്ളയുള്ളവരെ കാമദാഹത്തിന് ഇരയാക്കിയ നിഷ്ഠുരമായ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 168 കേസുകൾ പോക്സോ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുണ്ട്.
സ്ക്കുൾ അധ്യാപകൻ മുതൽ ബന്ധുക്കളൾ വരെ പീഡിപ്പിച്ചവരുടെ പട്ടികയിലുണ്ട്.പ്രണയം നടിച്ചും സഹായ വാഗ്ദാനം നടത്തിയും പെൺകുട്ടികളെ വലയിലാക്കിയ നിരവധി സംഭവങ്ങളാണ് ജില്ലയിൽ ഉണ്ടായിട്ടുള്ളത്.പോക്സോ വകുപ്പ് പ്രകാരം10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്നതാണ്.
കഴിഞ്ഞ വർഷം ഐപിസി 354 പ്രകാരം 183 കേസുകളാണ് റജിസ്റ്റർ ചെയ്തത്.സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന വിധത്തിൽ മര്യാദ ലംഘനം നടത്തുക,മർദ്ദിക്കുക, ബലപ്രയോഗം നടത്തുക തുടങ്ങിയവ ഈ വകുപ്പിൽ വരും അഞ്ചുവർഷം വരെ ജയിൽ ശിക്ഷ ഉറപ്പാക്കുന്ന കുറ്റമാണിത്. ഐപിസി 509 വകുപ്പു പ്രകാരം 16 കേസുകൾ രജിസ്റ്റർ ചെയ്തു.
പൊതുസ്ഥലങ്ങളിലും മറ്റും സ്ത്രീകളോട് അശ്ലീല മുദ്രകൾ കാണിക്കുക, ചീത്ത പദപ്രയോഗങ്ങൾ നടത്തുക തുടങ്ങി സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നതിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. മൂന്ന് വർഷംവരെ ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്. ജില്ലയിൽ മാനഭംഗ കേസുകളിലും വലീയ വർദ്ധനയുണ്ടായിട്ടുണ്ട്. ഐപിസി 376 വകുപ്പ് പ്രകാരം മാനഭംഗത്തിന് 115 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2017ൽ 50 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.മാനഭംഗ കേസുകളിൽ ഇരട്ടിയിലധികം വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 2016ൽ 18 കേസുകളാണ് മാത്രമാണ് ഉണ്ടായിരുന്നത്.തട്ടികൊണ്ടുപോയി പീഡിപ്പിക്കൽ, രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കുട്ടികളെ കടത്തികൊണ്ടുപോയി പീഡിപ്പിക്കുക, ബലാത്സംഗം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുക എന്നിവയാണ് ബലാത്സംഗ കേസിന്റെ പരിതിയിൽ വരുന്നത്.കേസിന്റെ ഘടന നോക്കി ഏഴുവർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
പെൺകുട്ടികളെ ലൈംഗികമായി പീഡനത്തിന് ഇരയാക്കുക, മൊബൈൽഫോൺ ഉപയോഗിച്ച് ഫോട്ടോയെടുക്കുക, അത് പ്രചരിപ്പിക്കുക, മോശമായ രീതിയിൽ രൂപകൽപ്പന ചെയ്യുക തുടങ്ങി 500ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ സ്ത്രീകൾക്കുനേരേ അക്രമങ്ങളും പീഡനങ്ങളും വർധിച്ചുവരുന്നതായി പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പുറം ലോകമറിയാതെ നിരവധി സ്തീപീഡന കേസുകൾ പണവും സ്വാധീനവും ഉപയോഗിച്ച് ഒത്തുതീർപ്പാക്കുന്ന സ്ഥിതിയും പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയും നിരവധിയുണ്ട്.