നീലേശ്വരം: തൈക്കടപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കൂടുതല്‍ പേര് പിടിയിലാകും.
മൂന്നു വര്‍ഷത്തോളമായി നടക്കുന്ന ആസൂത്രിത പീഡനവിവരം അറിഞ്ഞിട്ടും മൗനസമ്മതം നല്കിയ പെണ്‍കുട്ടിയുടെ മാതാവിനേയും പ്രതി ചേര്‍ത്തേക്കും. പെണ്‍കുട്ടിയുടെ പിതാവുൾപ്പെടെ നാലുപേരാണ് ഇന്നലെ അറസ്റ്റിലായത്.
2017 ല്‍ നാല് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പോക്സോ പ്രകാരം പ്രതി ചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്ന വ്യക്തിയുമാണ് പെൺകുട്ടിയുടെ പിതാവ്. ഇയാൾക്ക് സുള്ള്യയിൽ മറ്റൊരു ഭാര്യയും മക്കളും ഉണ്ട്.
കേരളത്തിലും കര്‍ണാടകത്തിലുമായി വേറെയും പീഡനക്കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നതായാണ് വിവരം. പതിമൂന്നു വയസുമുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും പലവട്ടം സംസ്ഥാനത്തിനു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി പലര്‍ക്കും കാഴ്ചവെക്കുകയും ചെയ്തിട്ടുള്ളതായാണ് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴി.
ഇപ്പോള്‍ പതിനാറു വയസാണ് പെണ്‍കുട്ടിയുടെ പ്രായം. ഇക്കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിനും അറിയാമായിരുന്നു. പിന്നീട് പെണ്‍കുട്ടി നീലേശ്വരത്തുള്ള ഒരു യുവാവുമായി അടുക്കുകയും ഇയാള്‍ മുഖേന പ്രദേശത്തെ മറ്റു ചില യുവാക്കളും കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്തു.
നിരന്തരമായ പീഡനത്തിനൊടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തോടെ ഗര്‍ഭഛിദ്രം നടത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതൃസഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്.
ഇപ്പോള്‍ ഇദ്ദേഹത്തിന്റെ സംരക്ഷണയിലാണ് പെണ്‍കുട്ടി കഴിയുന്നത്.
പെൺകുട്ടിയുടെ പിതാവും നീലേശ്വരം സ്വദേശികളായ റിയാസ് (19), മുഹമ്മദലി(20), കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി ഇജാസ്(20) എന്നിവരുമാണ് ഇന്നലെ അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നു യുവാക്കളും പെൺകുട്ടിയുടെ പിതാവുമായി നേരിട്ട് ബന്ധമുള്ളവരല്ല.
ഇയാളുമായി ബന്ധപ്പെട്ട് കുട്ടിയെ പീഡനത്തിനിരയാക്കിയ കൂടുതല്‍ ആളുകള്‍ വരുംദിവസങ്ങളില്‍ കസ്റ്റഡിയിലാകുമെന്നാണ് സൂചന. സംഭവത്തില്‍ ഒന്നിലധകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സിഐ കെ.പി. മനോജ് അറിയിച്ചു.