തലശേരി: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. തലശേരിക്കടുത്ത പ്രദേശത്തെ 15 കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് രണ്ടു പേരെ പോലീസ് അറസ്റ്റ്ചെയ്തത്. കിഴക്കെ പാലയാട് പൊയിൽവീട്ടിൽ ആകാശ് പ്രസാദ് (21), സ്വാമിക്കുന്ന് അട്ടാരക്കുന്നിലെ മൃദുൽ പുഷ്പരാജ് (19) എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്.
കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂളിലെ കൗൺസിലറാണ് പെൺകുട്ടിയിൽനിന്ന് പീഡനവിവരം ആദ്യം അറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ സ്കൂളിലെത്തി പെൺകുട്ടിയിൽനിന്നും വിശദമായ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഒരു ഉത്സവസ്ഥലത്ത് വച്ചാണ് ആകാശ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ആകാശിന്റെ വീട്ടിൽ വച്ചും ഇടവഴിയിൽ വച്ചും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒരു രാഷ്ട്രീയപാർട്ടിയുടെ പരിപാടിയിൽ വച്ചാണ് പെൺകുട്ടി മൃദുലിനെ പരിചയപ്പെട്ടത്.തുടർന്ന് ധർമടം ബീച്ചിൽ വച്ചാണ് മൃദുൽ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പെൺകുട്ടിയിൽനിന്നും വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ മല്ലികയാണ് മൊഴി രേഖപ്പെടുത്തിയത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതികളെയും ഇന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കും.