ബംഗളൂരു: വിജയപുരയിൽ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെ നേതൃത്വത്തിൽ കർണാടകയുടെ വടക്കൻമേഖലയിൽ പ്രക്ഷോഭം ശക്തമാകുന്നു. പെൺകുട്ടിക്കെതിരായ അതിക്രമം നടന്ന വിജയപുരയിൽ ‘വിജയപുര ചലോ’ റാലിക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ചില ദളിത് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹുബ്ബള്ളി- ദാർവാഡ്, ബിദർ മേഖലകളിൽ നടന്ന പ്രതിഷേധമാണ് അക്രമാസക്തമായത്.
നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. ഹുബ്ബള്ളിയിൽ ദേശ്പാണ്ഡെ നഗറിൽ സ്വകാര്യ ബസുകൾക്കുനേരെ കല്ലേറുണ്ടായി. ഇതേത്തുടർന്ന് കെഎസ്ആർടിസി ബസുകൾ സർവീസ് പൂർണമായും നിർത്തിവെച്ചു. ബിദറിലും സമരത്തിനിടെ അക്രമം നടത്തിയവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.
ഡിസംബർ അവസാനമാണ് ദാനമ്മയെന്ന ദളിത് പെൺകുട്ടിയെ വിജയപുരയിൽ വച്ച് ഒരു സംഘമാളുകൾ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.