തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയെ കെട്ടിയിട്ട് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതി ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കിരണ്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും.
ശനിയാഴ്ച വൈകിട്ടാണ് കിരണ്‍ യുവതിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ച് മര്‍ദിക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. കൈകള്‍ കെട്ടിയിട്ട് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. വിവസ്ത്രയായി കാണപ്പെട്ട യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം പോലീസ് പ്രതി കിരണിനെ ഗോഡൗണില്‍ നിന്ന് പിടികൂടി.
പ്രതിയും യുവതിയും മുന്‍പൊരു സ്ഥാപനത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണെന്ന് പോലീസ് പറയുന്നു. കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍ യുവതി മറ്റൊരു സുഹൃത്തുമായി ആഹാരം കഴിക്കാനെത്തിയപ്പോള്‍ കിരണ്‍ അവിടെയെത്തി മര്‍ദിക്കുകയായിരുന്നു.
കൊല്ലുമെന്നും ജീവനൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ ബൈക്കില്‍ കയറ്റി ഗോഡൗണിലെത്തിച്ചതെന്നും പോലീസ് പറയുന്നു. നിലവില്‍ യുവതി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്.