സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങള്‍ കുറയുന്നില്ലെന്നു റിപ്പോര്‍ട്ട്. കേരള പോലീസിന്റെ കണക്കു പ്രകാരം 2016 ജനുവരി മുതല്‍ 2021 ഏപ്രില്‍ വരെ 74,679 കേസുകളാണ് സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്.
2016ല്‍ 15,114, 2017 ല്‍ 14,263, 2018ല്‍ 13,643, 2019ല്‍ 14,293, 2020ല്‍ 12,659, 2021 ഏപ്രില്‍ വരെ 4,707 എന്നിങ്ങനെയാണ് കണക്ക്.ആറു വര്‍ഷത്തിനിടെ നടന്നത് 76 സ്ത്രീ പീഡന മരണങ്ങൾ.
2016ല്‍ 25 പേരും 2017ല്‍ 12 ഉം 2018ല്‍ 17 ഉം 2019ലും 2020ലും ആറും 2021 സെപ്റ്റംബര്‍ വരെ എട്ടു പേരും മരിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ ഭര്ത്താക്കന്മാരില്നിന്നും ബന്ധുക്കളില്‍നിന്നുമുള്ള പീഡനങ്ങളാണ്.
ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരും പ്രതികളായ 1,080 കേസുകൾ 2021 ഏപ്രില്‍ വരെ രജിസ്റ്റര്‍ ചെയ്തു. 13 വര്‍ഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് 212 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
2010 മുതല്‍ 2021 ജൂണ്‍ 23വരെ വനിതാ കമ്മീഷനില്‍ എത്തിയ പരാതികളില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്.
3,476 കേസുകൾ. ഇതില്‍ 2,569 കേസുകള്‍ കമ്മീഷന് തീര്‍പ്പാക്കി. പരാതികളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ് (656). മൂന്നാം സ്ഥാനത്ത് എറണാകുളം (538). വയനാട് (101) ആണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വനിതാ കമ്മീഷനിലും പോലീസിലും എത്തുന്ന കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമാകുന്നത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും പലയിരട്ടി വരും.
മാനഹാനി ഭയന്നും കുഞ്ഞുങ്ങളെ കരുതിയും പരാതി കൊടുക്കാത്ത അവസ്ഥ നിലവിലുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗാര്‍ഹിക പീഡനത്തില്‍നിന്നു സ്ത്രീകളെ രക്ഷിക്കുന്ന നിയമമുണ്ടെങ്കിലും പല സ്ത്രീകളും ഇതിനെക്കുറിച്ച് അജ്ഞരാണ്.