തിരുവല്ല: സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വര്‍ഷം തോറും വര്‍ധന ഉണ്ടാകുന്നതായി കണക്കുകള്‍. ഈ വര്‍ഷം ജനുവരിയിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 269 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
പത്തനംതിട്ടയില്‍ അഞ്ചും ആലപ്പുഴയില്‍ 12 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊടുപുഴയില്‍ ഏഴു വയസുകാരന് അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂര മര്‍ദനമേറ്റ് മരിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്നും ഇതേ അവസ്ഥ നിരവധി കുട്ടികള്‍ നേരിടുന്നുണ്ടെന്നുമാണ് സംസ്ഥാന ശിശുക്ഷേമ സമിതി ജില്ലകള്‍ തോറും രൂപീകരിച്ചിട്ടുള്ള തണല്‍ കുട്ടികളുടെ അഭയകേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അച്ഛനമ്മമാരുടെ നിയമപരമോ അല്ലാത്തതോ ആയ പുനര്‍വിവാഹം, വിവാഹേതരബന്ധങ്ങള്‍, മാതാപിതാക്കള്‍ മരിച്ചതോ, ബന്ധം വേര്‍പെടുത്തിയതോ ആയ കുടുംബങ്ങളില്‍ നിന്നാണ് ഞെട്ടിക്കുന്ന ക്രൂരതകള്‍ മിക്കപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പല സംഭവങ്ങളിലും രണ്ടാനച്ഛന്, രണ്ടാനമ്മ, ബന്ധുക്കള്‍ തുടങ്ങിയവരാണ് പ്രതിസ്ഥാനത്തുണ്ടാകുക.
പെണ്‍കുട്ടികളെ പോലെ തന്നെ 15 വയസിനു താഴെയുള്ള ആണ്‍കുട്ടികളും ലൈംഗിക ചൂക്ഷണങ്ങള്‍ക്ക് വിധേയരാകുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലകള്‍ തോറും സംസ്ഥാന ശിശുക്ഷേമ സമിതി നിരീക്ഷണ സംരക്ഷണ സെല്‍ രൂപീകരിക്കും.
ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ തുടങ്ങിവരുടെ സഹകരണത്തോടെ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികള്‍, തണല്‍ കുട്ടികളുടെ അഭയ കേന്ദ്രത്തിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്കായിരിക്കും നിരീക്ഷണ സംരക്ഷണ സെല്ലിനായുള്ള പ്രത്യേക സംഘത്തിന്റെ ചുമതല. അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അഭയ കേന്ദ്രത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള 1517 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.
പ്രത്യേക സംഘം സ്ഥലത്തെത്തി വിഷയത്തില്‍ അനന്തര നടപടി സ്വീകരിച്ച് കുട്ടികളെ സമിതിയുടെ കീഴിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി വേണ്ട പരിചരണവും കൗണ്‍സലിംഗും നല്‍കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും.