കൂത്താട്ടുകുളം: മുത്തച്ഛനൊപ്പം നടന്നുപോവുകയായിരുന്ന 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 67 കാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കിഴകൊന്പ് വെള്ളക്കാട്ടുപടിസ്വദേശി വർഗീസ്(67) ആണ് പിടിയിലായത്.
പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ അയൽവാസിയാണ് വർഗീസ്.
ഇന്നലെ രാവിലെ പത്തോടെ മുത്തച്ഛനൊപ്പം കടയിൽ പോവുകയായിരുന്ന കുട്ടിയെ ഇയാൾ പിന്നിൽ നിന്നെത്തിയാണ് കടന്നുപിടിച്ചത്. മുന്നിലേക്ക് നടന്ന മുത്തച്ഛൻ കുട്ടിയുടെ നിലവിളികേട്ട് തിരികെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ വർഗീസ് സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാൾക്കായി തെരച്ചിൽ നടത്തിയപ്പോൾ കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രത്തിന് സമീപമുള്ള വർക് ഷോപ്പിൽ കണ്ടെത്തി.
രോഷാകുലരായ നാട്ടുകാർ ഇയാളുടെ മുഖത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിച്ചതുൾപ്പെടെയുള്ള പ്രയോഗങ്ങൾ നടത്തി. കൂത്താട്ടുകുളം എസ്ഐ ഇ.എസ്. സാംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. നാട്ടുകാരുടെ കൈയേറ്റത്തിൽ സാരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൈയേറ്റം ചെയ്തെന്ന പേരിൽ നാട്ടുകാർക്കെതിരേയും കേസെടുത്തിട്ടുണ്ട്.