കൊച്ചി: ഡല്‍ഹി സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പെണ്‍കുട്ടിയുടെ സഹോദരന്മാര്ക്ക് എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. പോക്സോ കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ സഹോദരന്മാര്ക്ക് ഒക്ടോബര്‍ 30-നാണ് എറണാകുളം അഡീ. സെഷന്‍സ് (പോക്സോ) കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 29 മുതല്‍ പ്രതികള്‍ റിമാന്‍ഡില്‍ ആയിരുന്നു. ജില്ലയില്‍ പ്രവേശിക്കരുതെന്നും എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും ജാമ്യവ്യവസ്ഥയില്‍ പറഞ്ഞിരുന്നു.അതേസമയം ഹൈക്കോടതി നിശ്ചയിച്ച കെല്‍സയിലെ കൗണ്‍സിലര്‍ പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു.
സഹോദരന്മാര് തന്നെ പീഡിപ്പിച്ചിട്ടില്ലെന്നു കെല്‍സ പ്രതിനിധിയുടെ മുമ്പാകെ പെണ്‍കുട്ടി മൊഴിമാറ്റി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര്‍ 18 മുതല്‍ എറണാകുളം ജില്ലയില്‍ പ്രവേശിക്കാനും തങ്ങളുടെ തൊഴില്‍ ചെയ്യാനും കോടതി അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കരുതെന്നും ഉത്തരവിലുണ്ട്.കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളുടെ മകള്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഡല്‍ഹി സ്വദേശിയായ യുവാവിനൊപ്പം നാടുവിടുകയായിരുന്നു.
ഒപ്പം ഇളയസഹോദരിയേയും കൂടെ കൂട്ടി. മക്കളെ കാണാനില്ലെന്നു കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചെലവില്‍ ഡല്‍ഹിക്കു പോയ പോലീസ് ഇവരെ ഡല്‍ഹിയില്‍ കണ്ടെത്തി തിരികെ നാട്ടിലെത്തിച്ചു.
ചോദ്യം ചെയ്യലില്‍ സഹോദരന്മാര് തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മക്കളെ കേസില്‍ നിന്ന് ഒഴിവാക്കാനായി പോലീസ് അഞ്ചു ലക്ഷംരൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
നോര്‍ത്ത് പോലീസിന്റെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടി സഹോദരന്മാരുടെ പേര് പറഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. തങ്ങളുടെ മക്കളെ കേസില്‍നിന്ന് ഒഴിവാക്കാനായി നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐ അഞ്ചു ലക്ഷം രൂപ കൈക്കൂലി ചോദിച്ചതായും ഇവര്‍ ആരോപിക്കുകയുണ്ടായി.
എന്നാല്‍ തട്ടിക്കൊണ്ടുപോയ യുവാവിനെതിരേ കേസ് എടുക്കാന്‍ പോലീസ് തയാറായുമില്ല. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിനോദ് കൃഷ്ണയെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 26-നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.