കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ 5000 രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഏരൂർ കണിയാന്പുഴ സ്വദേശി അഖിൽ (23) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരിയിലാണു ഫേസ്ബുക്ക് വഴി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്നു സുഹൃത്തിന്റെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ചശേഷം ജൂണിൽ എളമക്കരയിലുള്ള ഒരു സർവീസ് അപ്പാർട്ട്മെന്റിൽ എത്തിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഓണ്‍ലൈൻ വഴിയാണ് അപ്പാർട്ട്മെന്റിൽ റൂം ബുക്ക് ചെയ്തത്. പുതുവത്സരത്തലേന്നു പെണ്‍കുട്ടി പഠനം കഴിഞ്ഞു തിരികെ വീട്ടിലേക്കു പോകുന്ന സമയത്തു പ്രതി പറവൂർ താലൂക്ക് ഓഫീസ് ഭാഗത്തുവച്ചു പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി.
സംഭവം ശ്രദ്ധയിൽപ്പെട്ട താലൂക്ക് ഓഫീസ് ജീവനക്കാർ പറവൂർ പോലീസിനെ വിവരം അറിയിക്കുകയും തുടർന്നു കേസെടുത്ത് എളമക്കര പോലീസിനു കൈമാറുകയുമായിരുന്നു. പ്ലംബിംഗ് ജോലി ചെയ്യുന്ന ആളാണു പ്രതി.