കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും 52കാരിയെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി റെയില്‍വേ ട്രാക്കിനു സമീപത്തുവച്ചു പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പോലീസ്.
സംഭവത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശിനി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. മധ്യവയസ്കയെ റെയില്‍വേ സ്റ്റേഷന് പരിസരത്തെത്തിച്ച ഓട്ടോറിക്ഷയും പോലീസ് തെരയുകയാണ്.
പ്രതി മധ്യവയസ്കയുമായി ഓട്ടോയില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധി തീര്‍ക്കുന്നു. ആക്രമണത്തിനിരയായ സ്ത്രീയില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ബുധനാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ജോലി തേടി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സ്ത്രീയെ സ്റ്റേഷന് പരിസരത്തുവച്ച് പരിചയപ്പെട്ട വ്യക്തി 500 രൂപ നല്കി കൂടെ വരാന്‍ ആവശ്യപ്പെട്ട് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കമ്മട്ടിപ്പാടം ഭാഗത്ത് ഇറങ്ങിയ ഇവരെ പ്രതി റെയില്‍വേ ട്രാക്കിനടുത്തേക്ക് കൂട്ടിക്കൊണ്ടുപ്പോയി.
ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് മധ്യവയസ്ക പോലീസിനു നല്കിയ മൊഴി.
സംഭവം അറിഞ്ഞയുടന്‍ സെന്‍ട്രല്‍ എസിപി സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.