കോലഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ അമ്മയുടെ സമ്മതത്തോടെ പീഡിപ്പിച്ച രണ്ടാനച്ഛൻ റിമാൻഡിൽ. വയനാട് സുൽത്താൻബത്തേരി അന്പലവയൽ സ്വദേശിയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ അമ്മയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
വയനാട്ടിലുള്ള ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച പ്രതി പുത്തൻകുരിശിൽ രണ്ടാം ഭാര്യയോടൊപ്പമായിരുന്നു താമസം. ഈ ബന്ധത്തിൽ ഇയാൾക്ക് ഒരു ആണ്‍കുട്ടിയുണ്ട്. രണ്ടാമത്തെ ഭാര്യയുടെ ആദ്യ ബന്ധത്തിലെ 15, 14, 9 പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഓർഫനേജിൽനിന്നാണ് പെണ്‍കുട്ടികൾ പഠിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ക്രിസ്മസ് അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ഇയാൾ മൂന്നു പേരെയും ലൈംഗികമായി പീഡിപ്പിച്ചതത്രെ.
ഓർഫനേജിൽ ചൈൽഡ്ലൈൻ പ്രവർത്തകർ നടത്തിയ കൗണ്‍സിലിംഗിലാണ് രണ്ടാനച്ഛൻ പീഡിപ്പിച്ച വിവരം കുട്ടികൾ പറഞ്ഞത്. പീഡനസമയം അമ്മ വീട്ടിലുണ്ടായിരുന്നെന്നും വിവരം പുറത്ത് പറയരുതെന്ന് അമ്മ പറഞ്ഞതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതിനെത്തുടർന്ന് പുത്തൻകുരിശ് സിഐ എ.എ. യേശുദാസ്, എസ്ഐ കെ.പി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.