കൊല്ലം: പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മൈനാഗപ്പള്ളി ഇടവനശേരി വല്യത്ത് പടിഞ്ഞാറ്റതിൽ റംസീനയെയാണ് കോടതി റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ പിടിയിലായിട്ടുണ്ട്. മരിച്ച കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്.
റംസീന പല സ്ഥലങ്ങളിലും കുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഈ സന്ദർഭങ്ങളിൽ പീഡിപ്പിച്ച വരെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംസ്ഥാനത്തിന് പുറത്തുള്ളവരുമായും റംസീനയ്ക്ക് ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട് .
പഠനത്തിൽ കൂടുതൽ മികവ് ഉണ്ടാകുന്നതിനുവേണ്ടി 14കാരിയെ റംസീന ഏർവാടി പള്ളിയിലേക്ക് കൂട്ടുകൊണ്ടുപോകുകയായിരുന്നുവെന്നാണ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശിനിയായ പെണ്കുട്ടിയെ കഴിഞ്ഞദിവസമാണ് ഷീറ്റ് മേഞ്ഞ വീടിന്റെ കിടപ്പുമുറിയിലെ പൈപ്പിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവസമയം മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു.
അമ്മ കശുവണ്ടി ഫാക്ടറിയിൽ പോയിരിക്കുകയായിരുന്നു സഹോദരിയുടെ നിലവിളികേട്ട് ഉടൻ അയൽവാസികളും ബന്ധുക്കളും ഓടിയെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൈനാഗപ്പള്ളി ചെറുപിലാക്കൽ മസ്ജിദിലെ കബർസ്ഥാനിൽ കബറടക്കി.
ഫോറൻസിക്, ഫിംഗർ പ്രിന്റ്, ,സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കൊട്ടാരക്കര റൂറൽഎസ്പി കെ.സുരേന്ദ്രൻ എസിപി ബി.കൃഷ്ണകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണം ഉയർന്നതിനെതുടർന്ന് ചിലരെ ചോദ്യം ചെയ്യുകയായിരുന്നു. റംസീല വെളിപ്പെടുത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.