കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുളിമുറി ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ കൂടുതൽപേർ കുടുങ്ങുമെന്ന് അഞ്ചാലുംമൂട് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കിയിരുന്നു. പെൺകുട്ടിയുടെ അടുത്ത ബന്ധുവായ സ്ത്രീയും കരുനാഗപ്പള്ളി ലോഡ്ജ് നടത്തിപ്പുകാരനുമാണ് ആദ്യം പിടിയിലായത്.
ഹോംസ്റ്റേനടത്തുന്ന ഷിജു, തിരുവനന്തപുരം സ്വദേശിനി മിനി എന്നിവരെ കൂടാതെ പെൺകുട്ടിയുടെ ബന്ധുവായ മറ്റൊരു സ്ത്രീയുമാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. കുട്ടിയെ പലതവണ ഹോം സ്റ്റേയിലും കരുനാഗപ്പള്ളിയിലെ ലോഡ്ജിലും കൊണ്ടുവന്ന് പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പെൺവാണിഭ സംഘത്തിന്റെ കണ്ണികളാണ് പിടിയിലായവരിൽ പലരും.
പതിനേഴുകാരിയെ കഴിഞ്ഞ പത്തിന് കാണാതായെന്ന അമ്മയുടെ പരാതിയിൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്തിരുന്നു. അന്ന് ഉച്ചയോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. തുടർന്ന് അമ്മ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനത്തിനിരയായതായി കണ്ടത്. കോടതിയിൽ ഹാജരാക്കിയെങ്കിലും കുട്ടിയെ ഏറ്റെടുക്കാൻ മാതാവ് വന്നില്ല.
കോടതി നിർദേശപ്രകാരം കുട്ടിയെ കൊട്ടിയത്തെ അഭയകേന്ദ്രത്തിലാക്കി. അവിടെ അമ്മ കാണാനെത്തിയപ്പോഴാണ് തന്നെ ഭീഷണിപ്പെടുത്തി മാസങ്ങളായി പലസ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയത്. കുളിമുറി ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് പറഞ്ഞ ബന്ധുവായ സത്രീ ഭീഷണിപ്പെടുത്തി കൊണ്ടുപോയതായാണ് മൊഴി.