കോഴിക്കോട്: കഴിഞ്ഞ വര്‍ഷം ജില്ലയില്‍ കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ വര്‍ധിച്ചതായി കണക്ക്. 890 കേസുകളാണ് റിപ്പോര്‍ട്ട് ചെയതത്. ഇതില്‍ 18 വയസില്‍താഴെയുള്ള കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ മാത്രം 125 എണ്ണം വരും. ബോധവല്‍ക്കരണവും കൗണ്‍സലിംഗും കൃത്യമായി നടക്കുന്നതാണ് പരാതിക്കാര്‍ കേസ് നല്കാന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
ജനുവരിയില്‍ 66 കേസുകളാണ് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 89, മാര്‍ച്ച് 59, ഏപ്രില്‍ 48, മെയ് 72, ജൂണ്‍ 57, ജൂലൈ 80, ആഗസ്ത് 70, സെപ്തംബര്‍ 93, ഒക്ടോബര്‍ 91, നവംബര്‍ 84, ഡിസംബര്‍ 81 എന്നിങ്ങനെയാണ് അതിക്രമങ്ങള്‍ .അതിക്രമത്തിനിരയായവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.
വീടുകളിലും സ്കൂളുകളിലും മറ്റുമായാണ് അതിക്രമങ്ങള്‍ ഏറെയും. അതിക്രമത്തിനിരയാകുന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കിവരുന്നുണ്ട്. 72 കേസുകളില്‍ കഴിഞ്ഞവര്‍ഷം കൗണ്‍സലിംഗ് നടത്തി. മോശം അന്തരീക്ഷത്തില്‍ വീട് വിട്ടുപോയ കുട്ടികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ചൈല്‍ഡ് ലൈന്‍ ഒരുക്കി.
27 കുട്ടികള്‍ക്കാണ് പോയവര്‍ഷം താമസ സൗകര്യം ചെയ്തുകൊടുത്തത്.ബാല ഭിക്ഷാടനത്തിന് 18 കേസുകളും ശൈശവ വിവാഹവുമായി ബന്ധപ്പെട്ട അഞ്ചു കേസുകളും കഴിഞ്ഞ വര്‍ഷമുണ്ടായി. വീടുവിട്ടിറങ്ങിയ 24 കുട്ടികളെ തിരിച്ച് വീട്ടിലെത്തിച്ചു.