കോഴിക്കോട്: സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനിയെ എട്ടുപേര്‍ പീഡിപ്പിച്ചു. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് വിവിധ സ്ഥലങ്ങളിലായി എട്ടുപേര്‍ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റിയിലേയും റൂറലിലേയും അഞ്ച് പോലീസ് സ്റ്റേഷനുകളിലേക്ക് കേസ് അന്വേഷിക്കുന്നതിനായി കൈമാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ മേയ് 24 നാണ് ചേവായൂര്‍ പോലീസ് കേസെടുത്തത്.
ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരുടെ കൗണ്‍സലിംഗിനിടെയാണ് ഞെട്ടിക്കുന്ന സംഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. യുവ സുഹൃത്ത് പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പറഞ്ഞത്. ഇതോടെ കുട്ടിയുടെ മാതാവ് പെണ്‍കുട്ടിയെ സുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ വച്ച് കൗണ്‍സലിംഗിനിടെയാണ് പെണ്‍കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പീഡിപ്പിച്ചവരുടെ മൊബൈലില്‍ തന്റെ ഫോട്ടോകളുണ്ടെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വീടുകളില്‍ കൊണ്ടുപോയാണ് പലരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോഴിക്കോട് ബീച്ച്, കാപ്പാട് ബീച്ച്, സരോവരം, തിയറ്ററുകൾ എന്നിവിടങ്ങളിലും പെണ്‍കുട്ടി പോയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ മൊഴിയെക്കുുറിച്ച് വ്യക്തമായി അന്വേഷിക്കുമെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ചേവായൂര്‍ സിഐ ടി.വി.പ്രദീഷ് പറഞ്ഞു. നടക്കാവ്, കൊയിലാണ്ടി, ചേവായൂര്‍, മാറാട് എന്നിവിടങ്ങളിലാണ് കേസുകള്‍ കൈമാറിയത്.