മഞ്ചേരി: ജില്ലയിൽ പ്രത്യേക പോക്സോ കോടതി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതിൽ മലപ്പുറം ജില്ല സംസ്ഥാനത്ത് ഒന്നാമതാണ്. ജില്ലയിൽ രണ്ടു ദിവസത്തിൽ മൂന്ന് കുട്ടികൾ പീഡിപ്പിക്കപ്പെടുന്നുവന്നാണ് കണക്ക്. 2019 ജനുവരി മുതൽ നാലു മാസത്തെ കണക്ക് പരിശോധിച്ചാൽ ജില്ലയിൽ പീഡിപ്പിക്കപ്പെട്ടത് 176 കുട്ടികൾ. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലക്കാണ്. ഇവിടെ ഈ കാലയളവിൽ 147 കുട്ടികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ 114 കുട്ടികൾ എറണാകുളം ജില്ലയിൽ പീഡനത്തിനിരയായി.
പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 25 കുട്ടികൾ ഇവിടെ പീഡിപ്പിക്കപ്പെട്ടപ്പോൾ ഇടുക്കിയിൽ 40 കുട്ടികൾ മുതിർന്നവരുടെ ക്രൂരതക്ക് ഇരയായി. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ മാത്രം കണക്കാണിത്. അല്ലാത്തവ കൂടി പരിഗണിച്ചാൽ പട്ടിക നീളും. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വ്യാപകമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലക്ക് പ്രത്യേക പോക്സോ കോടതി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)നാണ് പോക്സോ കേസുകളുടെ അധിക ചുമതല. എന്നാൽ കേസുകളുകളുടെ ആധിക്യം മൂലം നടപടികൾ തീർത്തും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ്.
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ് ആക്ട് 2012 (പോക്സോ) പ്രകാരം ജില്ലയിൽ പ്രതിമാസം ശരാശരി 44 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെങ്കിലും ഇതിൽ പത്തിൽ താഴെ മാത്രമേ കോടതിക്ക് പരിഗണിക്കാനാകുന്നുള്ളൂ. ഇതിനു പുറമെ ജില്ലയിൽ മുഴുവൻ കള്ളനോട്ടു കേസുകളും ഇതേ കോടതിയിലാണ് എത്തുന്നത്. ജില്ലാ കോടതിയിലെത്തുന്ന നൂറുക്കണക്കിനു ക്രിമിനൽ കേസുകളും പരിഗണിക്കേണ്ടി വരുന്നതോടെ കോടതി പ്രവർത്തനം അവതാളത്തിലാകുന്നു. ഇത്രയധികം കേസുകൾ കൈകാര്യം ചെയ്യാൻ മതിയായ ജീവനക്കാരോ ഭൗതിക സാഹചര്യങ്ങൾ ഈ ന്യായാലയത്തിനില്ലെന്നതാണ് വസ്തുത.
ജില്ലാ കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) പരിമിതികളുടെ നടുവിലാണ്. കേസുമായി കോടതിയെ സമീപിക്കുന്ന കക്ഷികൾക്കു ആവശ്യമായ ഇരിപ്പിടമോ പ്രാഥമിക സൗകര്യങ്ങളോ ഇവിടെയില്ല. പ്രതികളുമായി എത്തുന്ന പോലീസുദ്യോഗസ്ഥരും മണിക്കൂറുകളോളം കോടതി വരാന്തയിൽ നിൽക്കേണ്ട സ്ഥിതിയാണ്. പോക്സോ കേസുകളിൽ പരാതിക്കാരും ഇരകളുമായവർ പ്രായപൂർത്തിയാകാത്ത കുട്ടികളായിരിക്കും.
ഇവരെ പൊതുസമൂഹത്തിനു മുന്നിൽ പരസ്യമായി വെളിപ്പെടുത്തുന്നത് കോടതി തന്നെ നിയമം മൂലം വിലക്കിയിട്ടുണ്ട്. എന്നാൽ കോടതിയിലെത്തുന്ന ഇവർക്ക് ഇരിക്കാനുള്ള പ്രത്യേക മുറി വേണമെന്ന നിർദേശം പലപ്പോഴു പാലിക്കപ്പെടുന്നില്ല. ജില്ലയെ അപേക്ഷിച്ച് കുറഞ്ഞ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോഴിക്കോട് ജില്ലക്കായി എല്ലാ വിധ സജ്ജീകരണങ്ങളും മതിയായ ജീവനക്കാരുമുള്ള പ്രത്യേക പോക്സോ കോടതി അനുവദിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കേസുകളുടെ ആധിക്യം കണക്കിലെടുത്ത് സ്പെഷൽ പോക്സോ കോടതി അനുവദിക്കണമെന്നു ജില്ലാ ബാർ അസോസിയേഷനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിരസ്തദാർ, ജൂണിയർ സൂപ്രണ്ട്, ബെഞ്ച് ക്ലാർക്ക്, നാല് ക്ലാർക്ക്, രണ്ട് പ്യൂണ്, രണ്ട് ടൈപ്പിസ്റ്റ്, സ്റ്റെനോ എന്നിങ്ങനെ 12 ജീവനക്കാരുൾപ്പെടെയുള്ള പ്രത്യേക പോക്സോ കോടതി അനുവദിക്കുന്ന പക്ഷം ജില്ലയിലെ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികൾക്കു നീതി വേഗത്തിൽ ലഭ്യമാക്കാനുതകുമെന്നാണ് പൊതുജനാഭിപ്രായം.