കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നല്കിയ പരാതിയില്‍ പാലാരിവട്ടത്തെ ഡീപ് ഇങ്ക് ടാറ്റൂ സ്റ്റുഡിയോ ഉടമ കാസര്‍ഗോഡ് സ്വദേശി കുല്‍ദീപ് കൃഷ്ണ ഒളിവില്‍.
യുവതിയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് ഇയാള്‍ക്കെതിരേ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിയുമായി മലപ്പുറം സ്വദേശിനിയും സ്റ്റുഡിയോയിലെ മുന്‍ ജീവനക്കാരിയുമായ യുവതിയാണ് പോലീസിനെ സമീപിച്ചത്.
യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രഹസ്യ മൊഴി മജിസ്ട്രേറ്റിനു മുമ്പാകെ രേഖപ്പെടുത്തും. അതേസമയം കുല്‍ദീപ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായും അറിയുന്നു.
കുല്‍ദീപിനെതിരേ മറ്റു പരാതികളുണ്ടോയെന്നു പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.
2020-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ടാറ്റൂ ആര്‍ട്ട് കോഴ്സ് പഠിപ്പിക്കാമെന്നും ആര്‍ട്ടിസ്റ്റായി ജോലി നല്‍കാമെന്നും കുല്‍ദീപ് യുവതിക്ക് ഉറപ്പ് നല്കി. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡിപ്പിച്ചത്.
കൊച്ചിയിലുള്‍പ്പെടെ പല ഹോട്ടലുകളിലും വച്ച് മദ്യം നല്കി പീഡിപ്പിച്ചതായും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.
ഇയാള്‍ യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയിലുണ്ട്.യുവതി സാമ്പത്തിക ക്രമക്കേട് നടത്തിയതായും ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായും കുല്‍ദീപ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് യുവതി ടാറ്റു സ്റ്റുഡിയോയിലെ ജോലി ഉപേക്ഷിച്ചത്. ഈ പരാതിയില്‍ പാലാരിവട്ടം പോലീസ് യുവതിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യുവതി പീഡനവിവരം തുറന്നുപറഞ്ഞത്. ഇടപ്പള്ളിയിലെ ഇങ്ക് ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ്. സുജീഷിനെതിരേ ആറു യുവതികള്‍ നല്കിയ പീഡന പരാതിയില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.